വിയോജിപ്പ് അറിയിച്ച ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിയോജിപ്പ് അറിയിച്ച ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ സാമൂഹിക സമവാക്യം പ്രധാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സാമൂഹിക സമവാക്യം തെറ്റിയാല്‍ യുഡിഎഫിനു പാളും. സ്ഥാനാര്‍ത്ഥിയെപ്പറ്റി തന്നോടു ഇതുവരെ ചോദിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞശേഷമേ പ്രചാരണത്തിനിറങ്ങൂ. സ്ഥാനാര്‍ത്ഥിയെപ്പറ്റി അഭിപ്രായം പറയുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന നേതൃയോഗത്തില്‍ അതൃപ്തിയുള്ളവരോട് സംസാരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയത്. അതൃപ്തി പ്രകടിപ്പിച്ച ഡൊമിനിക് പ്രസന്റേഷന്‍ അടക്കമുള്ള നേതാക്കളുമായി ഉമ്മന്‍ചാണ്ടി സംസാരിക്കുകയായിരുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എം.എല്‍.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചു. അല്‍പ്പ സമയത്തിനകം പ്രഖ്യാപനമുണ്ടായേക്കും.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.
യോഗത്തിന് മുന്‍പേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിന്റെ സിറ്റിംഗ് സീറ്റില്‍ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തില്‍ കെ.സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടുമാണ്.
തൃക്കാക്കരയില്‍ വികസനത്തിനൊപ്പം നില്‍ക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നല്‍കിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പലതരം വിമര്‍ശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ ഉമയാണ് എന്ന് കെ.സുധാകരനും സംഘവും കരുതുന്നു. മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
Story Highlights: Oommen Chandy reconciled Dominic’s presentation with dissent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here