Advertisement

‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’: ഉപതെരഞ്ഞെടുപ്പില്‍ ടാഗ് ലൈന്‍ പ്രചാരണവുമായി എല്‍ഡിഎഫ്

May 3, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഇതിന്റെ ഭാഗമായി ‘ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ് ലൈന്‍ പ്രചാരണത്തിന് എല്‍ഡിഎഫ് തുടക്കം കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

കേരള നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ജയം പ്രതീക്ഷിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൃക്കാക്കരയില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ ചരിത്രമാണ് എല്‍ഡിഎഫിനുള്ളത്. തൃക്കാക്കരയില്‍ ആംആദ്മി പാര്‍ട്ടി ഒരു ഭീഷണിയേ അല്ലെന്നും കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് എം.എ.ബേബിയും പ്രതികരിച്ചു. സില്‍വര്‍ ലൈന്‍ ചര്‍ച്ചയാകുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. നിയമസഭയില്‍ ഇടതുമുന്നണിക്ക് 100 സീറ്റ് തികയ്ക്കാനാകുമെന്നും എം.എ.ബേബി ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിര്‍ണ്ണായകമാണ്. തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. നിലവില്‍ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാല്‍ ഫാന്‍സി നമ്പരായ 100ലേക്ക്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ജയിച്ചാല്‍ സര്‍ക്കാരിനുള്ള അംഗീകാരമായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും.

കൊവിഡ് കൊണ്ടുവന്ന തുടര്‍ഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തല്‍ക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും. സീറ്റ് സിപിഎമ്മിന് തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളില്ല. വെള്ളിയാഴ്ച കൂടേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഓണ്‍ലൈനില്‍ പങ്കെടുക്കും.

Story Highlights: ‘Sure 100, sure Thrikkakara’: LDF launches tagline campaign in by-elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here