Advertisement

അരുണ്‍കുമാറില്‍ വലിയ പ്രതീക്ഷ; തൃക്കാക്കരയില്‍ ജയമുറപ്പെന്ന് സെബാസ്റ്റിയന്‍ പോള്‍

May 4, 2022
2 minutes Read
sebastian paul about ks arun kumar's candidacy

തൃക്കാക്കരയില്‍ ആരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഇറക്കിയാലും മണ്ഡലം ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍. അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ആ പ്രതീക്ഷ കൂടുകയാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങളും നേരത്തെ തുടങ്ങിയതാണ്. എറണാകുളത്തിനോ തൃക്കാക്കരയ്‌ക്കോ പരിചയമില്ലാത്ത മുഖമല്ല അരുണ്‍ കുമാറിന്റേത് എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

‘ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുതിയ മാറ്റമാണ് തൃക്കാക്കരയിലുണ്ടാകാന്‍ പോകുന്നത്. അരുണ്‍ കുമാറിനെക്കാള്‍ കരുത്തനായ മറ്റൊരു യുവ നേതാവിനെ പാര്‍ട്ടിക്ക് അന്വേഷിക്കേണ്ട ആവശ്യമില്ല’. സെബാസ്റ്റ്യന്‍ പോള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് കെ എസ് അരുണ്‍കുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍കുമാര്‍. ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് അരുണ്‍കുമാറിനൊപ്പം പരിഗണനയിലുണ്ടായിരുന്നത്.

Read Also : തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി മത്സരിക്കില്ല; ആംആദ്മിക്ക് പിന്തുണ ലഭിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍

നാളെ തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല. അമേരിക്കയില്‍ നിന്ന് ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം അമേരിക്കയില്‍ തുടര്‍ന്നേക്കും.

Story Highlights: sebastian paul about ks arun kumar’s candidacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top