Advertisement

സില്‍വര്‍ ലൈനിന് നീതി ആയോഗ് ചെലവ് കണക്കാക്കിയിട്ടില്ല; അലോക് കുമാര്‍ വര്‍മ്മക്കെതിരെ കെ.എസ്.അരുണ്‍ കുമാര്‍

May 4, 2022
Google News 3 minutes Read
KS Arun Kumar against Alok Kumar Varma

റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ.എസ്.അരുണ്‍കുമാര്‍. സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് അലോക് കുമാര്‍ വര്‍മ നടത്തുന്ന പ്രചാരണം ശരിയല്ല. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അലോക് കുമാര്‍ വര്‍മ്മ പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ( KS Arun Kumar against Alok Kumar Varma ).

സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കി എന്നാണ് അലോക് കുമാര്‍ പറഞ്ഞത്. എന്നാല്‍ നിതി ആയോഗ് അത്തരത്തില്‍ ഒരു കണക്കുകൂട്ടലുകളും നടത്തിയിട്ടില്ല. അതേസമയം ആര്‍ആര്‍ടിഎസ്, മെട്രൊ റെയില്‍ എന്നിവയുടെ നിര്‍മ്മാണച്ചെലവിനേക്കാള്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നിതി ആയോഗ് ചോദിച്ചത്. സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെ അതിവേഗ റെയില്‍ പാതയുമായൊ മെട്രൊ, ആര്‍ആര്‍ടിഎസ് എന്നിവയുമായോ താരതമ്യം ചെയ്യാനാവില്ലെന്ന് കൃത്യമായി നിതി ആയോഗിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിതി ആയോഗ് ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. ആ മറുപടികള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് വിദേശത്ത് നിന്നും ലോണ്‍ സ്വീകരിക്കുന്നതിന് നിതി ആയോഗ് ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സില്‍വര്‍ ലൈനിന് നീതി ആയോഗ് ചെലവ് കണക്കാക്കിയിട്ടില്ല; അലോക് കുമാര്‍ വര്‍മ്മയുടേത് നുണപ്രചാരണം

സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ നടത്തുന്ന പ്രചാരണം ശരിയല്ല. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അലോക് കുമാര്‍ വര്‍മ്മ പറഞ്ഞത്.
സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കി എന്നാണ് അലോക് കുമാര്‍ പറഞ്ഞത്. എന്നാല്‍ നിതി ആയോഗ് അത്തരത്തില്‍ ഒരു കണക്കുകൂട്ടലുകളും നടത്തിയിട്ടില്ല. അതേസമയം ആര്‍ആര്‍ടിഎസ്, മെട്രൊ റെയില്‍ എന്നിവയുടെ നിര്‍മ്മാണച്ചെലവിനേക്കാള്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നിതി ആയോഗ് ചോദിച്ചത്. സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെ അതിവേഗ റെയില്‍ പാതയുമായൊ മെട്രൊ, ആര്‍ആര്‍ടിഎസ് എന്നിവയുമായോ താരതമ്യം ചെയ്യാനാവില്ലെന്ന് കൃത്യമായി നിതി ആയോഗിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിതി ആയോഗ് ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. ആ മറുപടികള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് വിദേശത്ത് നിന്നും ലോണ്‍ സ്വീകരിക്കുന്നതിന് നീതി ആയോഗ് ശുപാര്‍ശ ചെയ്തത്.

ഡിപിആര്‍ പ്രകാരമുള്ള 63941കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രായോഗികവും ന്യായീകരിക്കാനാവുന്നതുമാണെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ സ്വതന്ത്ര ഏജന്‍സിയായ RITES നടത്തിയ പഠനത്തിലും ബോധ്യപ്പെട്ടിട്ടുള്ളതാണ്.

2017 ഡിസംബറിലാണ് പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് 2018 ല്‍ ഫീസിബിലിറ്റി പഠനത്തിലേക്ക് കടന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ ഭാഗമായി വെറും 107 (2018 ഡിസംബര്‍ 4 മുതല്‍ 2019 മാര്‍ച്ച് 20 വരെ) ദിവസം മാത്രമാണ് അലോക് കുമാര്‍ വര്‍മ്മ പ്രവര്‍ത്തിച്ചത്. സിസ്ട്ര സംഘത്തിലെ 18 വിദഗ്ധരില്‍ ഒരാള്‍ മാത്രമായിരുന്നു അലോക് കുമാര്‍ വര്‍മ്മ. ഡിപിആര്‍ തയ്യാറാക്കിയ ഘട്ടത്തില്‍ ഒരു ദിവസം പോലും അദ്ദേഹം സിസ്ട്രയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.

2019 ഓഗസ്റ്റ് മാസത്തില്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീടാണ് ഡിപിആറിലേക്ക് കടന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികഘട്ടത്തില്‍ നടത്തിയ സാധ്യതാ പഠനത്തില്‍ കെ റെയില്‍ അധികൃതരുടെ അഭിപ്രായങ്ങളോ സംസ്ഥാനത്തിന്റെ ആവശ്യങ്ങളോ പരിഗണിക്കാതെ തികച്ചും ഏകാധിപത്യ നിലപാടാണ് അലോക് കുമാര്‍ സ്വീകരിച്ചത്.

സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ആയിരുന്ന അലോക് കുമാര്‍ വര്‍മ്മ ഉള്‍പ്പെട്ട സംഘം നല്‍കിയ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനൊന്നും തന്നെ മറുപടി നല്‍കാതെ പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് കെ റെയിലിനെതിരെ സംസാരിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെയും കെ റെയില്‍ അധികൃതരുടെയും മറ്റ് വിദഗ്ധരുടെയും അഭിപ്രായങ്ങളും കൂടി പരിഗണിച്ച് സിസ്ട്ര തുടര്‍സാധ്യതാപഠനം നടത്തി 2019 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനാണ് ഇന്ത്യന്‍ റെയില്‍വേ തത്വത്തില്‍ അംഗീകാരം നല്‍കിയത്.

Read Also : ‘സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് തരിക’; മറുപടിയുമായി അരുണ്‍ കുമാര്‍

നഗരത്തില്‍ നിന്നും മാറി സ്റ്റേഷന്‍ സ്ഥാപിക്കുന്നത് ജനത്തിന്റെ യാത്രയെ ബാധിക്കുമെന്നാണ് അലോക് കുമാറിന്റെ മറ്റൊരു വാദം. ഇത് കേരളത്തിലെ നഗര ഗ്രാമങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നതിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന ഘടനപോലും വശമില്ലാതെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ പഠനങ്ങളും നടത്തിയിട്ടുള്ളത്. 93% അലൈന്‍മെന്റും ദുര്‍ബലമായ ഭൂമിയിലാണെന്ന് പറയുന്ന റിപ്പോര്‍ട്ട് ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തണം. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് പുതിയൊരു ഗതാഗത സംസ്‌കാരത്തിനാണ് സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ അലോക് കുമാര്‍ നടത്തുന്നത്.

Story Highlights: The Commission has not estimated the cost to the Silver Line; KS Arun Kumar against Alok Kumar Varma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here