Advertisement

കെ-റെയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്; എംവി ഗോവിന്ദൻ മാസ്റ്റർ

May 4, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.

ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യുഡിഎഫും ബിജെപി, എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല.

കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.

Story Highlights: govt has the will to implement k rail mv govindan master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement