നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

തിരുവനന്തപുരത്ത് ഭക്ഷണപ്പൊതിയിൽ പാമ്പിൻ്റെ തോൽ കണ്ടെത്തിയ സംഭവത്തിൽ നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. പല ഹോട്ടലുകളിൽ നിന്നും പഴകിയ എണ്ണ ഉൾപ്പെടെ പിടിച്ചെടുത്തു. ലൈസൻസ് പുതുക്കാത്ത ഹോട്ടലുകൾക്ക് അടിയന്തിരമായി നോട്ടീസ് നൽകി.
ഹോട്ടലുകളിൽ നിന്ന് പഴകിയ എണ്ണ, കുബ്ബൂസ്, ഐസ്ക്രീം തുടങ്ങിയവ നശിപ്പിച്ചു. ശുചിത്വമില്ലാത്ത ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലുള്ള 30ഓളം ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇന്നലെ നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സലിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് സ്വദേശി പ്രിയയാണ് മകൾക്കായി പാഴ്സൽ വാങ്ങിയത്. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു.
പ്രിയയുടെ മകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പാമ്പിന്റെ തൊലി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു. നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.
ചത്ത പാമ്പിന്റെ തൊലിയാണിതെന്ന് മനസിലാക്കിയതോടെയാണ് നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടൽ വൃത്തിയാക്കി നഗരസഭയുടെ അനുമതിയോട് കൂടി മാത്രമേ ഇനി പ്രവർത്തിക്കാവൂ എന്നുകാട്ടി ഉടമയ്ക്ക് നോട്ടിസ് നൽകി. പാമ്പിന്റെ തോൽ പേപ്പറിൽ പറ്റിയിരുന്നതാവാം എന്നാണ് ഹോട്ടൽ ഉടമയുടെ വാദം.
Story Highlights: nedumangad hotels health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here