Advertisement

ഡുപ്ലെസിക്ക് ഫിഫ്റ്റി; തകർത്തടിച്ച് മറ്റ് താരങ്ങൾ: ബാംഗ്ലൂരിന് മികച്ച സ്കോർ

May 8, 2022
Google News 1 minute Read

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് ബാംഗ്ലൂർ നേടിയത്. 73 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ മറ്റ് താരങ്ങളും മികച്ച പ്രകടനം നടത്തി. ഹൈദരാബാദിനായി ജഗദീശ സുചിത് 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ കോലി ഗോൾഡൻ ഡക്കായി. കോലിയെ വില്ല്യംസൺ പിടികൂടുകയായിരുന്നു. സീസണിൽ മൂന്നാം തവണയാണ് കോലി ഗോൾഡൻ ഡക്ക് ആവുന്നത്.

മൂന്നാം നമ്പറിലെത്തിയ രജത് പാടിദാർ പോസിറ്റീവായി ബാറ്റ് വീശിയപ്പോൾ ഡുപ്ലെസിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ സഖ്യത്തെ വേർപിരിക്കാൻ വില്ല്യംസണു സാധിച്ചില്ല. 105 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതിനിടെ 34 പന്തുകളിൽ ഡുപ്ലെസി ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയിലേക്ക് കുതിയ്ക്കുകയായിരുന്ന പാടിദാർ ഒടുവിൽ സുചിതിനു മുന്നിൽ വീണു. 38 പന്തുകളിൽ 4 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 48 റൺസെടുത്ത താരത്തെ രാഹുൽ ത്രിപാഠി പിടികൂടി.

തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ഡുപ്ലെസി-മാക്സ്‌വൽ സഖ്യവും മികച്ച പ്രകടനം നടത്തി. 54 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. 24 പന്തുകളിൽ 3 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 33 റൺസെടുത്ത മാക്സ്‌വലിനെ കാർത്തിക് ത്യാഗി എയ്ഡൻ മാർക്രത്തിൻ്റെ കൈകളിൽ എത്തിച്ചു. അവസാന ഓവറുകളിൽ ദിനേഷ് കാർത്തികിൻ്റെ കൂറ്റൻ ഷോട്ടുകളാണ് ബാംഗ്ലൂരിനെ 190 കടത്തിയത്. 8 പന്തുകളിൽ ഒരു ബൗണ്ടറിയും 4 സിക്സറും സഹിതം 30 റൺസ് നേടി കാർത്തിക് പുറത്താവാതെ നിന്നു.

Story Highlights: royal challengers bangalore innings sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here