ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാർ ഉടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദ് കേസിലെ നാലാംപ്രതിയാണ്. ഐഡിയൽ കൂൾബാറിലേക്ക് ചിക്കൻ എത്തിച്ചു നൽകിയ ബദരിയ ചിക്കൻ സെന്റർ അധികൃതർ നേരത്തേ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടരുകയാണെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ സുജയൻ കെ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : കാസർഗോഡ് നഗരത്തിൽ ഷവർമ്മ സെന്റർ പൂട്ടിച്ചു
ലൈസൻസ് കാലാവധി പൂർത്തിയായ സ്ഥാപനം പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചത് കൃത്യമായി പരിശോധന നടക്കാത്തതുകൊണ്ടാണെന്ന പരോക്ഷ വിമർശനം എഡിഎമ്മിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ, തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡോ ഇല്ലാതെയാണ് നിലവിൽ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ലൈസൻസ് അനുവദിക്കുന്നത്. ഇതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കൃത്യമായ നിരീക്ഷണമില്ലാത്തത് പാളിച്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്ന എഡിഎം എകെ രമേന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഐഡിയൽ കൂൾബാറിലെ ഭക്ഷ്യസാമ്പിളുകൾ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
Story Highlights: Lookout notice issued against ideal coolbar shopkeeper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here