കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്

കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രംഗത്ത്. സിപിഐഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്ട്രീയമാറ്റം ദൗർഭാഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും തന്റെ ആത്മവിശ്വാസം വർധിക്കുകയാണെന്നും വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.
കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവർ നാല് വർഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാർത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരാൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : കെവി തോമസിനെതിരെ നടപടി? എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്
തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുകാരനായി തുടരാൻ സംഘടനയിൽ വേണമെന്നില്ല. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം നാളെ. കോൺഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉൾകൊള്ളുന്ന ഒരു കോൺഗ്രസുകാരനായി തുടരും.
ഞാ ൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും കെവി തോമസ് ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.
Story Highlights: UDF candidate Uma Thomas against KV Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here