വി.പി.രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ( journalist vp ramachandran passes away )
1924ൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ച വി.പി രാമചന്ദ്രൻ പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറായി മാധ്യമ രംഗത്തെത്തി. 1964 ൽ യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫ് ആയി. യു.എൻ.ഐ. ഡപ്യൂട്ടി ജനറൽ മാനേജർ ആയും പ്രവർത്തിച്ചു. സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയോട് എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് വി.പി.ആറിനെ തരംതാഴ്ത്തി സാധാരണ ലേഖകനാക്കി റാഞ്ചിക്കയക്കുകയായിരുന്നു.
1962ലെ ഇന്ത്യാ-ചൈനാ യുദ്ധം, ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്‌ളവം, ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനുമായുള്ള ഇന്റർവ്യൂ തുടങ്ങി നിരവധി മാധ്യമ റിപ്പോർട്ടുകളും അഭിമുഖങ്ങളും ശ്രദ്ധേയങ്ങളാണ്. പി.ടി.ഐയുടെ പാകിസ്താൻ ലേഖകനായി ലാഹോറിലും റാവൽപിണ്ടിയിലും പവർത്തിച്ചിട്ടുണ്ട്. യു.എൻ.ഐ. വിട്ട്, 1978 മുതൽ 84 വരെ മാതൃഭൂമിയിൽ എക്സിക്യൂട്ടീവ് എഡിറ്ററും പിന്നീട് പത്രാധിപരുമായി. തൃശൂർ എക്സ്പ്രസിൽ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. കേരള പ്രസ് അക്കാദമി ചെയർമാൻ എന്ന നിലയിൽ മാധ്യമ കോഴ്‌സുകൾ ആരംഭിക്കുന്നതിനു നേതൃത്ത്വം നൽകി.
2013 ൽ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Story Highlights: journalist vp ramachandran passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here