വര്‍ഷങ്ങള്‍ നീണ്ട നവീകരണം, ഒടുവിൽ അമീര്‍ മാജിദ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു

ജിദ്ദയിലെ ഏറ്റവും വലിയ പാര്‍ക്ക് ആയ പ്രിന്‍സ് മാജിദ് പാര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇന്ന് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. പാര്‍ക്കിന്‍റെ ഉദ്ഘാടനം ജിദ്ദ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലാവി നിര്‍വഹിച്ചു. ജലധാരയും, വ്യായാമത്തിനും കളിക്കാനുമുള്ള സൗകര്യങ്ങളും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങൾ പാര്‍ക്കിലുണ്ട്.
ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായ കമ്മ്യൂണിറ്റി ഈവന്‍റുകള്‍ നടക്കുന്ന വേദി കൂടിയാണ് പ്രിന്‍സ് മാജിദ് പാര്‍ക്ക്. വെള്ളിയാഴ്ച ഇന്ത്യന്‍ ഈവന്‍റോടെയാണ് കമ്മ്യൂണിറ്റി പരിപാടികള്‍ ആരംഭിക്കുക. മെയ് 20-ന് ഇന്തോനേഷ്യ, 27-ന് പാകിസ്താന്‍, ജൂണ്‍ 3-ന് ബംഗ്ലാദേശ്, ജൂണ്‍ 10-ന് ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളുടെ ഈവന്‍റുകള്‍ ഇതേ വേദിയില്‍ നടക്കും. പ്രവേശന ഫീസ് ഇല്ലെങ്കിലും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഒരാള്‍ക്ക് 5 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പരിപാടി നടക്കുന്ന മെയ് 13-നുള്ള മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്ത് പൂര്‍ത്തിയായതായാണ് റിപോര്‍ട്ട്. മകറോണ സ്ട്രീറ്റില്‍ കോംപസ് റൌണ്ട് എബൌട്ടിന് സമീപത്താണ് പ്രിന്‍സ് മാജിദ് പാര്‍ക്ക്. സിത്തീന്‍ റോഡിലൂടെ ഷറഫിയ ഭാഗത്ത് നിന്നു വരുന്നവര്‍ ഫലക്ക് റൌണ്ട് എബൌട്ട് കഴിഞ്ഞ് സൂഖ് ബവാദിക്ക് എതിര്‍വശത്തുള്ള യെല്ലോ പ്ലെയിന്‍ ശില്‍പത്തോട് ചാരി വലത്തോട്ട് തിരിഞ്ഞാലും അമീര്‍ മാജിദ് പാര്‍ക്കില്‍ എത്തും.
Story Highlights: Ameer Majeed Park reopen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here