Advertisement

കേരളത്തിന്റെ ,2000 കോടിയുടെ കിഫ്ബി വായ്പാ നീക്കം ചോദ്യംചെയ്ത് കേന്ദ്രം; ശമ്പള വിതരണത്തില്‍ പ്രതിസന്ധിയേറും

May 12, 2022
Google News 2 minutes Read

കേരളത്തിന്റെ 2,000 കോടി രൂപയുടെ വായ്പാ നീക്കം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കിഫ്ബി വായ്പയില്‍ ഉള്‍പ്പെടെ കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം തേടി. കിഫ്ബി വായ്പയെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ കേരളം ശക്തമായ എതിര്‍പ്പറിയിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള വായ്പ മുടങ്ങിയാല്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയേക്കുമെന്ന വസ്തുതയാണ് മുന്നിലുള്ളത്. കിഫ്ബിയില്‍ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുക്കുന്നതിനെതിരെയും കേന്ദ്രം ചോദ്യമുയര്‍ത്തിയിരുന്നു. (center blocked kiifb loan kerala)

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. വായ്പ മുടങ്ങിയാല്‍ ശമ്പള പെന്‍ഷന്‍ വിതരണത്തിലടക്കം പ്രതിസന്ധിയേറും. പൊതുമേഖലാ സ്ഥാപനങ്ങളടക്കം എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്.

Read Also : കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും:ലാന്‍സെറ്റ് പഠനം

അതേസമയം കേന്ദ്രത്തിന്റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കണക്കില്‍ വരില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.

Story Highlights: center blocked kiifb loan kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here