Advertisement

‘പൂരത്തിനെത്തിയത് ആരും അറിയാതെ, വിഡിയോ വൈറലായതോടെ കുടുംബത്തിൽ ചർച്ചയായി’; കൃഷ്ണ പ്രിയ 24നോട്

May 12, 2022
Google News 3 minutes Read
thrissur pooram viral girl

ബിന്ദിയ മുഹമ്മദ്/ കൃഷ്ണ പ്രിയ

തൃശൂർ പൂരത്തിന്റെ ആവേശത്തിലായിരുന്നു രണ്ട് നാൾ കേരളക്കര. പൂരാവേശം കെട്ടടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒരു ‘പൂരക്കാഴ്ച’യുണ്ട്. സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു പെൺകുട്ടിയുടെ വിഡിയോ… മന്ത്രി ആർ ബിന്ദു ഉൾപ്പെടെ വിഡിയോ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ ഈ പെൺകുട്ടിക്കും സുഹൃത്തിനും വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ആ തെരച്ചിലിന് ഇവിടെ വിരാമം. ആ സുഹൃത്തുക്കൾ ആരെന്ന് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം കണ്ടെത്തി. തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണ പ്രിയയും സുഹൃത്ത് എൽതുരുത്ത് സ്വദേശിയുമായ സുദീപുമാണ് വിഡിയോയിൽ ഉള്ളത്. ( thrissur pooram viral girl )

തൃശൂർ സ്വദേശിനിയായിരുന്നിട്ടും ശരിയായി പൂരം കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു കൃഷ്ണ പ്രിയ ഇത്രനാൾ. സ്വന്തം നാട്ടിൽ നടക്കുന്ന ഈ ലോകപ്രശസ്ത ഉത്സവം കാണാൻ പെണ്ണായതുകൊണ്ട് മാത്രം സാധിക്കാത്തതിനെ കൃഷ്ണ പ്രിയയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. ഇത്തവണ എന്ത് വിധേനെയും പൂരം കാണണമെന്ന് ഉറപ്പിക്കുന്നത് അങ്ങനെയാണ്.

‘വീട്ടിൽ അറിയാതെയാണ് തൃശൂർ പൂരം കാണാൻ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ള. അമ്മ നല്ല പിന്തുണയാണ് നൽകിയത്. ആരോടും പറയാതെ പൂരം കാണാൻ പോയിട്ട് നീ എന്താ കാണിച്ച് വച്ചത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. അല്ലെങ്കിലെ തറവാട്ടിൽ എന്നെ അമ്മ ‘അഴിച്ചു വിട്ടിരിക്കുകയാണ്’ എന്നാണ് പറയുന്നത്. ഈ വിഡിയോ വൈറലായതോടെ ഫാമിലി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലടക്കം ചർച്ചയായി. ഞാൻ രണ്ട് വർഷം മുൻപേ തന്നെ ഫാമിലി ഗ്രൂപ്പിൽ നിന്ന് ലീവ് ചെയ്തതുകൊണ്ട് കസിൻസാണ് ഗ്രൂപ്പിലെ ചർച്ചകളെ കുറിച്ച് പറഞ്ഞത്. യാഥാസ്ഥിക കുടുംബമായതുകൊണ്ട് തന്നെ അവരുടെ രീതിക്കനുസരിച്ച് ഞാൻ നടക്കാത്തതുകൊണ്ട് തന്നെ ഇതിന് മുമ്പും എനിക്കെതിരെ അവർ പല വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലെ വിമർശനങ്ങൾ എനിക്ക് പുതുമയല്ല’- കൃഷ്ണ പ്രിയ പറയുന്നു.

സ്ത്രീസൗഹൃദ പൂരമെന്ന് കൊട്ടിഘോഷിച്ചാലും ‘പുരുഷാരം’ എന്ന് അറിയാതെ വിശേഷിപ്പിക്കപ്പെടുന്ന ജനസാഗരത്തിനിടയിൽ കൃഷ്ണയ്ക്ക് മോശം അനുഭവവും ഉണ്ടായി. ‘സുഹൃത്ത് രേഷ്മ വഴിയാണ് പാസ് ഒപ്പിച്ചത്. കുടമാറ്റം കാണാനായി വന്നപ്പോൾ എനിക്ക് ഉയരം കുറവായതിനാൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇത് കണ്ട പൊലീസുകാർ പറഞ്ഞു അപ്പുറത്തേക്ക് മാറി നിന്നാൽ കാണാമെന്ന്. നിന്ന സ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ പൊലീസുകാർ കുടമാറ്റം നടക്കുന്ന ഭാഗത്ത് നിന്നും ഇറക്കി പുറത്തേക്ക് ഇറക്കി വിട്ടു. അപ്പുറത്ത് നിന്ന് കണ്ടോളാൻ പറഞ്ഞ് പറ്റിച്ചാണ് പെൺകുട്ടികളെയെല്ലാം ഇറക്കി വിട്ടത്. ഇക്കാര്യം ഞങ്ങൾ പരാതിയായി പറഞ്ഞു. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് മീഡിയക്കാരോട് പറഞ്ഞു. പൂരം കാണിച്ച് തരുമോ എന്നാണ് ചോദിച്ചത്. അവർ നല്ല പിന്തുണ നൽകിയെങ്കിലും തിരക്കിനിടയിൽ തിരിച്ച് കയറാൻ നിവർത്തിയില്ലെന്ന് പറഞ്ഞു. മുന്നിൽ മറ്റൊരു വഴിയും കാണാതിരുന്നതുകൊണ്ട് തിരക്കിനടിയിലൂടെ തന്നെ വീണ്ടും കുടമാറ്റത്തിനടുത്തേക്ക് എത്താൻ നോക്കി. തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് ചോദിച്ചു’-കൃഷ്ണ പ്രിയ പറയുന്നു.

ഇതെല്ലാം തരണം ചെയ്ത് തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോഴും കൃഷ്ണപ്രിയയ്ക്ക് നിരാശയായിരുന്നു ഫലം. കൃഷ്ണ പ്രിയയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്ക് ഉയരമുള്ളതുകൊണ്ട് പൂരം കാണാൻ സാധിക്കുന്നുണ്ടായിരുന്നു. കൃഷ്ണ പ്രിയ നിരാശയായി നിന്നപ്പോഴാണ് സുഹൃത്ത് സുദീപ് തന്റെ ചുമലിലേറി പൂരം കാണിക്കാമെന്ന് കൃഷ്ണ പ്രിയയോട് പറയുന്നത്. പിന്നെ മറ്റൊന്നും കൃഷ്ണപ്രിയ ചിന്തിച്ചില്ല. ജനലക്ഷങ്ങൾ തടിച്ചുനിന്ന മൈദാനിയിൽ ആകാശത്തുയർന്നിരുന്ന് കൺകുളിർക്കെ പൂരം കണ്ടു.

Read Also: ആനന്ദക്കണ്ണീരിന്റെ പൂരക്കാഴ്ച; വീഡിയോ വൈറൽ

ഒരു ഓൺലൈൻ ചാനലിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ കൃഷ്ണ പ്രിയ. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം.

വിഡിയോയുടെ താഴെ വരുന്ന സദാചാര കമന്റുകളും കൃഷ്ണ പ്രിയയുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരം കമന്റുകളോടും, തന്നെ ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന കമൻ്റുകളോടും കൃഷ്ണപ്രിയയ്ക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്- ‘എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എനിക്ക് ഒരു ജീവിതമേ ഉള്ളു’.

Story Highlights: thrissur pooram viral girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here