ബിരിയാണി ഫെസ്റ്റിവലില്‍ ബീഫും പോർക്കും അനുവദിക്കില്ലെന്ന് കളക്ടര്‍; അമ്പൂർ മേള മാറ്റിവച്ചു

പ്രശസ്തമായ ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലില്‍ ബീഫും പോർക്കും വിളമ്പാന്‍ അനുവദിക്കാത്തത് വിവാദത്തില്‍. ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന തിരുപ്പത്തൂർ കളക്ടറുടെ ഉത്തരവാണ് വിവാദമായത്. കളക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
ഒരുവിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിർത്ത് രംഗത്തെത്തിയിരുന്നു. വിവാദവും കനത്ത മഴയും കണക്കിലെടുത്ത് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ആംബൂര്‍ ബിരിയാണി ഫെസ്റ്റ് രണ്ടു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കളക്ടറുടെ ഉത്തരവിന് പിന്നാലെ സൗജന്യമായി ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി, ടൈഗേഴ്‌സ് ഓഫ് ഈഴം, ഹ്യൂമാനിറ്റേറിയന്‍ പിപ്പീള്‍സ് പാര്‍ട്ടി എന്നിവർ പ്രഖ്യാപിച്ചിരുന്നു.
തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ആമ്പൂർ ബിരിയാണി മേള നടത്തുന്നത്. ഇന്ന് മുതല്‍ 15 വരെ വൈകിട്ട് 5 നും 8 നും ഇടയിലാണ് ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രവേശനം സൗജന്യമാണ്. മട്ടണ്‍ ചിക്കന്‍, ഫിഷ്, എഗ് ബിരിയാണി, ബസ്മതി, സാംബ, പൊന്നി, ദം ബിരിയാണി, ഹൈദരാബാദ് ബിരിയാണി തുടങ്ങി 20 ലധികം ബിരിയാണികള്‍ ഉള്‍പ്പെടെ ഫെസ്റ്റിവലിലുണ്ടാകും.
Story Highlights: Beef ban at Biryani Festival, Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here