Advertisement

‘തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏർപ്പാട് പിണറായി പൊലീസിനില്ല’; കെ ടി ജലീൽ

May 13, 2022
Google News 1 minute Read

മലപ്പുറത്ത് സ്കൂൾ അദ്ധ്യാപകൻ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ അതിക്രമം ഹീനവും പൈശാചികവുമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. നിയമം അനുശാസിക്കുന്ന ശിക്ഷ ഇത്തരക്കാർക്ക് ഉറപ്പ് വരുത്തണം. തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏർപ്പാട് പിണറായി പൊലീസിനില്ല. പ്രതിയുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കി കേസെടുക്കുന്ന ഏർപ്പാട് ഇടതു സർക്കാരിനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം;
മാതാ പിതാ ഗുരു ദൈവം എന്നാണ് ഭാരതീയ ദർശനം പറയുന്നത്. ഒരദ്ധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത കുറ്റമാണ് മലപ്പുറത്തെ ഒരു സ്കൂളിലെ അദ്ധ്യാപകൻ ശശികുമാറിൽ നിന്നുണ്ടായത്. അത്യന്തം ഹീനവും പൈശാചികവുമായ കൃത്യം.

നിയമം അനുശാസിക്കുന്ന ശിക്ഷ ഇത്തരക്കാർക്ക് ഉറപ്പ് വരുത്തണം. അദ്ധ്യാപകനും മലപ്പുറം മുനിസിപ്പൽ കൗൺസിലറുമായ ശശികുമാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. ശശികുമാറിനെ സംബന്ധിച്ച് പരാതി ഉയർന്ന നിമിഷം തന്നെ മറ്റൊന്നിനും കാത്തു നിൽക്കാതെ സി.പി.എം അദ്ദേഹത്തെ പുറത്താക്കി. കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തു.

സമാന കേസുകളിൽ പ്രതികളായ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഉൾപ്പടെ മറ്റു രാഷ്ട്രീയ പാർട്ടികളിലെ തദ്ദേശ പ്രതിനിധികൾക്കെതിരെ ചെറുവിരലനക്കാൻ ധാർമ്മികതയുടെ ഗീർവാണം പുലമ്പുന്നവർ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ സി.പി.എം സ്വീകരിച്ച കടുത്ത നടപടിക്ക് പത്തര മാറ്റിൻ്റെ തിളക്കമുണ്ട്.

തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏർപ്പാട് പിണറായി പോലീസിനില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായി. പരാതി കിട്ടിയ ഉടനെ തന്നെ കേസ് റജിസ്റ്റർ ചെയ്തു. പ്രതിയുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കി കേസെടുക്കുന്ന ഏർപ്പാട് ഇടതു സർക്കാരിനില്ല. അങ്ങിനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ചെയ്താൽ അവർക്കെതിരെ നടപടിയുണ്ടാകും. “ഓച്ചിറ”മോഡൽ നാടകങ്ങളൊഴിച്ച്.

ഒരു ഹിജാബിട്ട മിടുക്കിയായ പെൺകുട്ടിയെ പരസ്യമായി അപമാനിച്ച ഉസ്താദിൻ്റെ നടപടിക്ക് മറയിടാൻ ശശികുമാറിൻ്റെ നിന്ദ്യമായ പ്രവൃത്തി ഉയർത്തിക്കാട്ടുന്നവർ സ്വയം പരിഹാസ്യരാവുകയേ ഉള്ളൂ. ഓരോ സമുദായത്തിലെയും ജീർണ്ണതകൾക്കും അബദ്ധ ധാരണകൾക്കുമെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ജനവിഭാഗത്തിലെ അക്ഷരം വായിക്കാനും എഴുതാനും അറിയുന്നവർക്കുണ്ട്.

ഞാൻ പഴയ സിമിക്കാരനാണെന്നാണ് ഉസ്താദിനെ ന്യായീകരിച്ച് കൊണ്ട് ഒരു വിദ്വാൻ പറഞ്ഞത്. സിമിയുടെ ആശയങ്ങളോട് വിയോജിച്ചാണ് ആ വഴി വേണ്ടെന്ന് വെച്ചത്. ന്യായീകരണ തൊഴിലാളികളുടെ നേതാവ് ഡോ: അബ്ദുസ്സമദ് സമദാനി എം.പിയും പഴയ സിമിക്കാരനാണെന്ന യാഥാർത്ഥ്യം മറക്കണ്ട. സമദാനിക്ക് പഴയ സിമിക്കാരൻ എന്ന ലേബൽ സുവർണ്ണ കിരീടവും എനിക്കത് മുൾക്കിരീടവുമാകുന്നതിൻ്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അന്യായം ആര് പറഞ്ഞാലും എതിർക്കും. അത് ഉസ്താദായാലും സന്യാസിയായാലും പാതിരിയായാലും ജഡ്ജിയായാലും ശരി. എൻ്റെ ചിന്ത ഒരാളുടെയും കക്ഷത്ത് പണയം വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിർഭയം കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. അതിലാരും ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല.

Story Highlights: kt jaleel mla reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here