പുറത്താക്കിയത് 5 രൂപാ മെമ്പര്‍ഷിപ്പില്‍ നിന്ന്; മനസുതുറന്ന് കെ വി തോമസ്: ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മനസുതുറന്ന് കെ വി തോമസ്. അഞ്ച് രൂപയുടെ മെമ്പര്‍ഷിപ്പില്‍ നിന്ന് മാത്രമാണ് താന്‍ പുറത്താക്കപ്പെട്ടത്. കോണ്‍ഗ്രസ് എന്ന വികാരത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. ട്വന്റിഫോര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ വി തോമസ് മനസുതുറന്നത്.
കാഴ്ചപ്പാടുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വിമര്‍ശിച്ച തോമസ് മാഷ് ‘ഞാന്‍ മാത്രം’ എന്ന സമീപനമാണ് ചില നേതാക്കള്‍ക്കുള്ളതെന്നും കുറ്റപ്പെടുത്തി. കെ പിസി സി പ്രസിഡന്റ് കെ സുധാകരനോട് വ്യക്തിപരമായി തനിക്ക് പ്രശ്‌നങ്ങളില്ല. തന്നെ പുറത്താക്കാനുള്ള ഗൂഡാലോചന നേരത്തെ പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയതാണ്. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അവര്‍ വീട്ടിലേക്ക് വിളിച്ച് പറഞ്ഞാണ്, കാണാന്‍ വരും, പിന്തുണ വേണമെന്നൊക്കെ. പക്ഷേ ഉമ വന്നില്ല. അതും ഗൂഢാലോചനയുടെ ഭാഗമാണ്.
നേതൃത്വം ഇടപെടുന്നത് കൊണ്ടാണ് ഉമാ തോമസിനെ കാണാന്‍ കഴിയാത്തത്. പാര്‍ട്ടിയില്‍ പല തവണ തന്നെ ഒറ്റപ്പെടുത്താന്‍ നീക്കങ്ങള്‍ നടന്നു. എപ്പോഴും തന്റെ നിലപാട് വികസനത്തിനൊപ്പമാണ്. ഒരു പാര്‍ട്ടിയിലേക്കും സര്‍ക്കാര്‍ പദവികളിലേക്കും താനുണ്ടായിരിക്കില്ലെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
‘ഞാന്‍ മഹാത്മാഗാന്ധിയൊന്നുമല്ല. അദ്ദേഹം കോണ്‍ഗ്രസുകാരനായിട്ടും കോണ്‍ഗ്രസ് എന്ന സംഘടന പിരിച്ചുവിടണമെന്ന് പറഞ്ഞിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയംകോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് കെ വി തോമസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ മെയിലോ കത്തോ ഒന്നും തനിക്ക് വന്നിട്ടില്ല. പുറത്താക്കിയ വിവരം അറിയിക്കേണ്ടത് എഐസിസി ആണെന്നും കെ സുധാകരന് അതിന് അധികാരമില്ലെന്നും കെ വി തോമസ് പറഞ്ഞു.
Read Also: കേരളം ഭരിക്കുന്നത് താലിബാനല്ല എന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം: വി മുരളീധരന്‍
‘പുറത്താക്കിയ കാര്യമറിയിക്കാന്‍ ഫോണില്‍ വിളിച്ചെന്ന് പറയുന്നുണ്ട്. പക്ഷേ എനിക്കങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാം’. കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സംഘടനയെ തകര്‍ക്കാനുള്ള, ഹൈജാക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ് കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു.
‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു. പുറത്തായെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തന്റെ കാഴ്ചപ്പാട് പുറത്തേക്കില്ലെന്ന് വ്യക്തമാക്കിയ കെ വി തോമസ്, എല്‍ഡിഎഫിലേക്ക് പോകില്ലെന്നും ആവര്‍ത്തിച്ചു. അംഗത്വത്തില്‍ നിന്ന് പുറത്താക്കാമെന്നല്ലാതെ ആ ചിന്താഗതിയില്‍ നിന്നോ കാഴ്ചപ്പാടില്‍ നിന്നോ തന്നെ മാറ്റാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Read Also: സമസ്ത വേദിയിലെ പെണ്‍വിലക്ക്: വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് മുന്നില്‍ പരാതിപ്പെട്ട് എബിവിപി
‘തൃക്കാക്കരയില്‍ താന്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എന്നുപറഞ്ഞ് ചിലര്‍ വെറുതെ നടക്കുകയാണ്. ആ വാക്കിന്റെ പ്രസക്തി പോലും നഷ്ടപ്പെട്ടു. മറ്റൊരു പാര്‍ട്ടിയിലേക്കും ഞാന്‍ പോകാനുദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പവും വികസനത്തിനൊപ്പവും സ്വതന്ത്രനായി നില്‍ക്കും. ഓരോ കാലത്തും ഓരോ ആളുകളുടെ കൊഴിഞ്ഞുപോക്കാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. അസ്ഥികൂടമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്’. കെ വി തോമസ് വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂര്‍ണരൂപം;
Story Highlights: kv thomas exclusive interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here