ക്ഷേത്രങ്ങളിലെ മോഷണം ലഹരിയായി; തിരുവാഭരണവും പണവുമായി യുവാവ് പിടിയിൽ

ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിരുതൻ പിടിയിലായി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചെങ്ങമനാട് കല്ലൂർ കാവ് ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രം, ഇരണൂർ ദുർഗ ദേവിക്ഷേത്രം, കണ്ണങ്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് വലയിലായത്. എട്ട് ക്ഷേത്രങ്ങളിലാണ് ഇയാൾ കവർച്ച നടത്തിയത്.
Read Also: മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ക്ഷേത്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിൽ നിന്ന് മോഷ്‌ടിച്ച തിരുവാഭരണങ്ങളും പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ക്ഷേത്രത്തിലെ പൂജാരിയായും പ്രതി ജോലി നോക്കിയിട്ടുണ്ട്.
സജിത്ത് പൊലീസിന്റെ പിടിയിലാകുന്നത് പുതിയ സംഭവമൊന്നുമല്ല. മാർച്ച് 30നാണ് ഇയാൾ ഒടുവിൽ ജയിൽ മോചിതനായത്. നിരവധി ക്ഷേത്ര മോഷണക്കേസുകളിൽ പിടിക്കപ്പെട്ട ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച ശേഷവും മോഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Man arrested for stealing from temples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here