Advertisement

ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് ചേരും; പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി ശോഭാ സുരേന്ദ്രനുമെത്തും

May 13, 2022
Google News 2 minutes Read

ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തന്നെയാകും യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാന നേതൃത്വവുമായി അടുത്ത കാലത്ത് ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രനും പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി ഭാരവാഹി യോഗത്തിനെത്തും. (sobha surendran will participate in bjp campaign )

ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള എതിര്‍പ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമാക്കി ശോഭ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണനുവേണ്ടി ഒന്നിക്കുമെന്ന സൂചനയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശോഭ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല.

എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു തൃക്കാക്കരയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപനം വൈകിയതില്‍ പ്രശ്‌നമില്ലെന്നും ശക്തമായ മത്സരം കാഴ്ച വയ്ക്കാനാകുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡോ ജോ ജോസഫാണ്. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

Story Highlights: sobha surendran will participate in bjp campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here