Advertisement

‘എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷം മാത്രം പ്രതികരണം’; സമസ്ത വിവാദത്തില്‍ ഒന്നും പറയാതെ വിദ്യാഭ്യാസമന്ത്രി

May 13, 2022
Google News 2 minutes Read

സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി അപമാനിതയായ സംഭവത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

സംഭവത്തെ അപലപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേന്ദ്രമന്ത്രി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഡെലിവറിക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ സിഇഒ

സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെപിസിസി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ്. വി മുരളീധരന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങാണ് വിവാദമായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇത് വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെട്ടതാണ് വിവാദമായത്.

Story Highlights: v Sivan Kutty avoid questions about samastha row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here