മുണ്ട്ക തീപിടിത്തം; അന്വേഷണത്തിന് ഉത്തരവ്, 10 ലക്ഷം നഷ്ടപരിഹാരം നൽകും

ഡൽഹി മുണ്ട്ക തീപിടിത്തത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അതേസമയം തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അവരുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ക്യാബിനറ്റ് മന്ത്രി സത്യേന്ദർ ജെയിൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി അപകട സ്ഥലം സന്ദർശിച്ചത്. അതേസമയം, ദുരന്തത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.”ഡൽഹിയിലെ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകുമെന്നും മോദി പ്രഖ്യാപിച്ചു. പരുക്കേറ്ററവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Story Highlights: CM Kejriwal visits Mundka blaze site, orders magisterial enquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here