Advertisement

വെടിക്കെട്ട് ബാറ്റ്സ്മാൻ; പ്രഥമ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരം

May 15, 2022
Google News 2 minutes Read
simonnds

2008ൽ ഐപിഎൽ ആരംഭിക്കുമ്പോൾ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരം മറ്റാരുമായിരുന്നില്ല. അത് സാക്ഷാൽ ആൻഡ്രു സൈമൺസായിരുന്നു. ഐപിഎല്ലിൽ 39 കളിയിൽ നിന്നായി 974 റൺസും 20 വിക്കറ്റുമാണ് ആൻഡ്രു സൈമൺസിന്റെ നേട്ടം. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറായ സൈമൺസിനെ 1.35 ദശലക്ഷം യുഎസ് ഡോളർ മുടക്കിയാണ് അന്ന് ഡെക്കാൻ ചാർജേഴ്സ് സ്വന്തമാക്കിയത്.

ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിനായാണ് തുടർന്നുള്ള 3 സീസണുകളിലും അദ്ദേഹം കളിച്ചത്. 2009ൽ ഫ്രാഞ്ചൈസിയെ ചാംപ്യൻമാരാക്കുന്നതിലും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ നിർണായക പങ്കും വഹിച്ചു. 2011ലെ അവസാന ഐപിഎൽ സീസണ്‍ മുംബൈയ്ക്കായാണ് സൈമൺസ് കളിച്ചത്. 2011നു ശേഷം അദ്ദേഹം ഐപിഎല്ലിലും കളിച്ചിട്ടില്ല.

ഹർഭജനും സൈമൺസുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ലോക ക്രിക്കറ്റിൽ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ കരിയര്‍ തന്നെ തകര്‍ത്തത് ഈ സംഭവമായിരുന്നുവെന്ന് പിന്നീട് സൈമൺസ് തുറന്നു പറഞ്ഞിരുന്നു. 2011ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹര്‍ഭജന്‍ സിങും ആന്‍ഡ്രു സൈമൺസും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. ലേലത്തില്‍ സൈമൺസിനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഹര്‍ഭജന്‍ സിങും ആന്‍ഡ്രു സൈമൺസും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായത്.

Read Also: സൈമൺസിന്റെ മരണത്തിൽ ഞെട്ടി ഹർഭജൻ സിങ്; വിവാദ സംഭവത്തിൽ ഇരുവരും പരസ്പരം മാപ്പുപറഞ്ഞിരുന്നു

മുംബൈ ടീമില്‍ വച്ച് ഹര്‍ഭജനും സൈമണ്ട്‌സും പഴയ വിവാദങ്ങളുടെ പേരില്‍ പരസ്പരം മാപ്പുപറഞ്ഞ് പിണക്കം തീര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ കാണാന്‍ കാത്തിരുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു അത്. ഒരേയൊരു സീസണിൽ മാത്രമേ സൈമൺസ് മുംബൈ ടീമിനൊപ്പമുണ്ടായിരുന്നുള്ളൂ. 2008ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെയാണ് മങ്കിഗേറ്റ് വിവാദമുണ്ടായത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. സൈമണ്ട്‌സിനെ ഭാജി കുരങ്ങനെന്നു വിളിച്ചുവെന്നായിരുന്നു ആരോപണം.

ഏതൊരു ടീമും കൊതിക്കുന്ന മികച്ച ഓൾറൗണ്ടറായിരുന്നു സൈമണ്ട്സ്. 1998ലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഓസീസിനായി അദ്ദേഹം അവസാന രാജ്യാന്തര മത്സരം കളിച്ചത് 2009ലാണ്. ആസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങളിൽ നിന്ന് 5,088 റൺസും 133 വിക്കറ്റുമാണ് സൈമൺസ് നേടിയത്. ഓസീസിനായി അവസാന മത്സരം കളിച്ചത് 2009ലാണ്.

2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിലും അദ്ദേഹം അം​ഗമായി. ഐസിസി ലോക ഇലവനിൽ അദ്ദേഹം മൂന്നു തവണയാണ് ഇടംപിടിച്ചത്. 2005ൽ ഏലീറ്റ് 11ൽ ഇടം ലഭിച്ച സൈമൺസ് പിറ്റേ വർഷം 12–ാമനായി വീണ്ടും ഐസിസി ലോക ഇലവനിലെത്തി. പിന്നീട് 2008ലായിരുന്നു ലോക ഇലവനിലേക്ക് അദ്ദേഹം വീണ്ടും മടങ്ങിയെത്തിയത്.

Story Highlights: Firing batsman; Most valuable foreign player in the first IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here