Advertisement

ഇന്ത്യക്കെതിരെ ഓസീസ് ആറു വിക്കറ്റിന് 134, പിന്നെ സംഭവിച്ചത് ചരിത്രം

May 15, 2022
Google News 2 minutes Read

ഭാജിയും സൈമൺസുമുള്‍പ്പെട്ട സിഡ്നി ക്രിക്കറ്റിലെ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണുണ്ടാക്കിയത്. എന്നാൽ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലെ വിവാദങ്ങൾക്ക് ആൻഡ്രു സൈമൺസ് മറുപടി നൽകിയത് തന്റെ ബാറ്റുകൊണ്ടായിരുന്നു. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം കസറി. ഓസീസ് ആറു വിക്കറ്റിന് 134 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു അദ്ദേഹം ക്രീസിലേക്കു വന്നത്. വിക്കറ്റിനു പിന്നിലെ ക്യാച്ചിനുള്ള ശക്തമായ അപ്പീലിനെ അതിജീവിച്ച സൈമൺസ് പിന്നീട് ഉറച്ചുനിന്ന് പോരാടുകയായിരുന്നു. പുറത്താവാതെ 162 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഓസ്‌ട്രേലിയയുടെ വിജയത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്.

മങ്കിഗേറ്റ് വിവാദം തന്റെ കരിയര്‍ തന്നെ തകര്‍ത്തിരുന്നുവെന്ന് പിന്നീട് സൈമൺസ് വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നപ്പോള്‍ ഭാജിയും സൈമൺസും പരസ്പരം മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.

2008ല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു മങ്കിഗേറ്റ് വിവാദമുണ്ടായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ 116ാം ഓവറിനിടെയാണ് ക്രീസിലുണ്ടായിരുന്ന ഹർഭജനും സൈമൺസും തമ്മില്‍ തർക്കമുണ്ടായത്.

Read Also: മികച്ച ഓൾറൗണ്ടർ; മറക്കാനാകുമോ ആ സിക്സറുകൾ

തർക്കത്തിനിടെ ഹർഭജൻ സൈമൺസിനെ കുരങ്ങനെന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. സൈമൺസും ഓസ്‌ട്രേലിയന്‍ ടീമും ഹർഭജനെതിരെ പരാതി നല്‍കിയതോടെ നാലു മല്‍സരങ്ങളില്‍ നിന്ന് ഭാജിയെ വിലക്കി. എന്നാല്‍ നടപടി പിന്‍വലിക്കണമെന്നും ഇല്ലെങ്കിൽ പര്യടനത്തില്‍ നിന്ന് പിന്‍മാറുമെന്നും അറിയിച്ചതോടെ ഭാജിക്കെതിരായ വിലക്ക് പിന്‍വലിക്കുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം ശേഷം അമിതമായി മദ്യപിക്കാന്‍ തുടങ്ങിയെന്നും ഇതു തന്റെ കരിയറിന്റെ താളം തെറ്റിച്ചെന്നും സൈമൺസ് വെളിപ്പെടുത്തിയിരുന്നു.

2011ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹര്‍ഭജന്‍ സിങും ആന്‍ഡ്രു സൈമൺസും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. ലേലത്തില്‍ സൈമൺസിനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഹര്‍ഭജന്‍ സിങും ആന്‍ഡ്രു സൈമൺസും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായത്.

മുംബൈ ടീമില്‍ വച്ച് ഹര്‍ഭജനും സൈമണ്ട്‌സും പഴയ വിവാദങ്ങളുടെ പേരില്‍ പരസ്പരം മാപ്പുപറഞ്ഞ് പിണക്കം തീര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ കാണാന്‍ കാത്തിരുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു അത്. ഒരേയൊരു സീസണിൽ മാത്രമേ സൈമൺസ് മുംബൈ ടീമിനൊപ്പമുണ്ടായിരുന്നുള്ളൂ. ഐപിഎല്ലിൽ 39 കളിയിൽ നിന്നായി 974 റൺസും 20 വിക്കറ്റുമാണ് ആൻഡ്രു സൈമൺസിന്റെ നേട്ടം.
ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറായ സൈമൺസിനെ 1.35 ദശലക്ഷം യുഎസ് ഡോളർ മുടക്കിയാണ് ആദ്യ സീസണിൽ ഡെക്കാൻ ചാർജേഴ്സ് സ്വന്തമാക്കിയത്.

Story Highlights: Andrew Simons responds to controversy over Sydney cricket Test with a century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here