ഇന്ത്യയിൽ ഡ്രൈവിങ് അത്ര സേഫ് അല്ല; പട്ടികയിൽ അഞ്ചാം സ്ഥാനത്ത് രാജ്യം…

വാഹനാപകടങ്ങൾ ഏറെ നടക്കുന്ന രാജ്യമാണ് നമ്മുടേത്. റോഡിൽ വാഹനമിറക്കുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും നമ്മൾ ഉത്തരവാദികൾ ആകുകയാണ്. ഏറ്റവും ഇഷ്ടമുള്ള വാഹനം കഴിഞ്ഞാൽ വാഹനപ്രേമികൾ ഏറ്റവും നല്ല റോഡിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരായിരിക്കും. എന്നാൽ നമ്മുടെ നാട്ടിലെ റോഡുകളെല്ലാം മനോഹരമാണോ? ആണെന്ന് പറയേണ്ടി വരും. തീരദേശ റോഡുകളും മലയോര റോഡുകളുമെല്ലാം ഇവിടെ ധാരാളമായി ഉണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിന് അനുയോജ്യമായ റോഡുകളാണോ ഇവിടെ ഉള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം?
ഏറ്റവും അപകടകരമായ ഡ്രൈവിങ് സാഹചര്യമുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ എന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. അതിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. പഠന റിപ്പോർട്ടിൽ ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയാണ്. 10 ൽ 3.41 മാർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടിയത്. ഇവിടെ ആകെ ജനസംഖ്യയിൽ 31 ശതമാനം ആളുകൾ മാത്രമാണ് വാഹനങ്ങളിലെ മുൻസീറ്റുകളിൽ സീറ്റ് ബെല്‍റ്റ് ഇടുന്നത്.
പഠന റിപ്പോർട് അനുസരിച്ച് കുറഞ്ഞ ഡ്രൈവിങ് സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് തായ്‌ലൻഡാണ്. 10 ൽ 4.35 മാർക്കാണ് ഈ രാജ്യം നേടിയത്. 40 ശതമാനം ആളുകൾ മാത്രമാണ് ഇവിടെ സീറ്റ് ബെൽറ്റ് ധരിക്കുന്നത്. സുരക്ഷ കുറവുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് യുഎസ് ആണ്. ഇവിടെ റോഡ് അപകടം കാരണം 12.7 ശതമാനം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 90.1 ശതമാനം ആളുകൾ സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം ഓടിക്കുന്നുണ്ട്. എങ്കിലും 29 ശതമാനം അപകടങ്ങൾക്കും കാരണം മദ്യം ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന വാഹനാപകടങ്ങളാണ്. യുഎസിലെ സുട്ടോബി എന്ന ഡ്രൈവേഴ്സ് എജ്യുക്കേഷൻ പ്ലാറ്റ്ഫോമാണ് പഠനം നടത്തിയത്.
റിപ്പോർട് പ്രകാരം സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇവിടെ 7.3 ശതമാനം ആളുകൾ മാത്രമാണ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സീറ്റ്ബെൽറ്റ് ധരിക്കുന്നത്. അപകടങ്ങളിൽ 4.1 ശതമാനം മദ്യപിച്ചു വണ്ടിയോടിക്കുന്നതു മൂലം ഉണ്ടാകുന്നവയാണ്. 10 ൽ 5.48 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോകത്തിൽ ഡ്രൈവിങ്ങിന് ഏറ്റവും സുരക്ഷിതമായ രാജ്യം നോർവേയാണ്. 95.2 ശതമാനം ആളുകളും മുന്നിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന ഇവിടെ അപകടങ്ങളിൽ 13 ശതമാനം മാത്രമാണ് ലഹരി മൂലമുണ്ടാകുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here