Advertisement

ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേൽക്കൈ

May 18, 2022
Google News 1 minute Read

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തില്‍ ഭരണമാറ്റത്തിനും കളമൊരുങ്ങി.

സംസ്ഥാനത്തെ 42 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്കാണ് ഒരുപോലെ നേട്ടവും കോട്ടവും. കൂടുതല്‍ വാർഡുകളില്‍ ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ വിജയിച്ചെങ്കിലും പലയിടത്തും നടന്ന അട്ടിമറികള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായി. അതിലേറ്റവും പ്രധാനം, തൃപ്പൂണിത്തുറ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലമാണ്. തെരഞ്ഞെടുപ്പ് നടന്ന രണ്ടുവാർഡുകളില്‍ ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണിയുടെ നിർണായകമായ രണ്ടുസീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതോടെ, തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ ഡി എഫിന്‍റെ കേവലഭൂരിപക്ഷം നഷ്ടമായി.

കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങി. എല്‍ ഡി എഫ് ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യനിലയാണ്. 8 വീതം അംഗങ്ങള്‍. ഇവിടെ ഓരോ അംഗങ്ങള്‍ വീതമുളള എസ് ഡി പി ഐയുടെയും ബിജെപിയുടെയും നിലപാടാകും നിർണായകമാവുക.

Read Also:ബിജെപിയുടേത് ചരിത്ര വിജയമെന്ന് കെ സുരേന്ദ്രൻ

കൊച്ചി, കണ്ണൂർ നഗരസഭകളില്‍ മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിർത്തിയതിനാല്‍ പഴയസ്ഥിതി തുടരും. കണ്ണൂരില്‍ ഏറെ ശ്രദ്ധേയ മത്സരം നടന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് ഇടതുമുന്നണി നിലനിർത്തി. നെടുമ്പാശേരി 17–ാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതോടെ, ത്രിശങ്കുവിലായിരുന്ന ഭരണം നിലനിർത്താന്‍ യുഡിഎഫിനായി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന നാലുവാർഡുകളില്‍ രണ്ടിടത്ത് വീതം യുഡിഎഫും എല്‍ഡിഎഫും വിജയിച്ചു. പത്തനംതിട്ടയിൽ 3 വാർഡുകളിൽ 2 എണ്ണം എൽഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു.

മലപ്പുറം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫാണ് വിജയിച്ചത്. ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. മൂന്ന് ഫലങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല. തൃശൂർ ജില്ലയിൽ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. 12 ജില്ലകളിലായി സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Story Highlights: LDF dominates by-elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here