Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: വികസനത്തെ എതിർക്കുന്നവർക്ക് ജനം നൽകിയ മറുപടിയെന്ന് മുഖ്യമന്ത്രി

May 18, 2022
Google News 2 minutes Read

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം പരിഹസിച്ചു. ചിലർ ബോധപൂർവം വികസന പദ്ധതികൾ വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ മേഖലയിൽ സംവരണം വേണമെന്നത് കാലോചിതമായ ആവശ്യമാണെന്നും പറഞ്ഞു.

വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എൽ.ഡി.എഫ് കരസ്ഥമാക്കിയത്. അതിൻ്റെ പകുതി (12) വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാർഡുകളും. എൽ.ഡി.എഫ് ജയിച്ചതിൽ 7 വാർഡുകൾ യു.ഡി.എഫിൽ നിന്നും 2 വാർഡുകൾ ബിജെപിയിൽ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിൻ്റെ മാറ്റുകൂട്ടുന്നു.

എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന കേരള ജനതയുടെ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായി ഇതിനെ കണക്കാക്കാം. രാഷ്ട്രീയ നൈതികത പൂർണമായും കൈമോശം വന്ന യു.ഡി.എഫും ബിജെപിയും ചില പ്രദേശങ്ങളിൽ ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അത്തരം സങ്കുചിത നീക്കങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങളെന്ന യാഥാർത്ഥ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങൾ നിൽക്കുന്നത്. തുടർച്ചയായി നടത്തുന്ന കുപ്രചാരണങ്ങൾക്ക് ജനമനസുകളിൽ സ്ഥാനമില്ല. അധികാരമോഹം മാത്രം മുൻനിർത്തി യുഡിഎഫും ബിജെപിയും ഉയർത്തുന്ന അക്രമോത്സുക ജനവിരുദ്ധ രാഷ്ട്രീയനിലപാടുകളെയും നീക്കങ്ങളെയും കണക്കിലെടുക്കാതെ കേരളത്തിൻ്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താൻ ജനങ്ങൾ ഒപ്പമുണ്ടെന്ന വസ്തുത അളവറ്റ ആത്‌മവിശ്വാസവും പ്രചോദനവും പകരുന്ന ഒന്നാണ്. എൽഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂർവ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്നിച്ച പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Story Highlights: Local by-election results: CM says people’s response to those who oppose development

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here