Advertisement

ലഖ്‌നൗവിന്റെ റൺമലയ്‌ക്ക് മുന്നിൽ പൊരുതി വീണ് കൊൽക്കത്ത

May 18, 2022
2 minutes Read

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ റൺമലയ്‌ക്ക് മുന്നിൽ പൊരുതി വീണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് റൺസിനാണ് കെകെആറിന്റെ പരാജയം. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 20 ഓവറിൽ 8 വിക്കറ്റിന് 208 റൺസെടുക്കാനേയായുള്ളൂ. അവസാന ഓവറിൽ റിങ്കും സിംഗ് നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിൻറൺ ഡികോക്കിന്റെ ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 210 റൺസിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ഓവർ തന്നെ പ്രഹരമായി. അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് അയ്യരെ മെഹ്‌സീൻ ഖാൻ ഡികോക്കിന്റെ കൈകളിലാക്കി. ഒരോവറിന്റെ ഇടവേളയിൽ മറ്റൊരു ഓപ്പണർ അഭിജീത് തോമറും വീണു. മൊഹ്‌സീന് തന്നെയായിരുന്നു വിക്കറ്റ്. ഓപ്പണർമാർ പുറത്താകുമ്പോൾ ടീം സ്‌കോർ 2.4 ഓവറിൽ 9 മാത്രം. രക്ഷാപ്രവർത്തനത്തിൽ ശ്രമിച്ച നിതീഷ് റാണയെ 22 പന്തിൽ 42 റൺസെടുത്ത് നിൽക്കേ കെ ഗൗതം, സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചത് നിർണായകമായി. എന്നാൽ ഈസമയം 7.1 ഓവറിൽ കെകെആർ 65ലെത്തിയിരുന്നു.

നാലാം വിക്കറ്റിൽ ശ്രേയസ് അയ്യരും സാം ബില്ലിംഗ്‌സും ടീമിനെ 11-ാം ഓവറിലെ ആദ്യ പന്തിൽ 100 കടത്തി. 14-ാം ഓവറിൽ ഫിഫ്റ്റി തികച്ചെങ്കിലും തൊട്ടടുത്ത സ്റ്റോയിനിസിന്റെ പന്തിൽ അയ്യർ ഹൂഡയുടെ ഗംഭീര ക്യാച്ചിൽ മടങ്ങി. 29 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റൺസാണ് അയ്യർ നേടിയത്. സാം ബില്ലിംഗ്‌സും ആന്ദ്രേ റസലും ക്രീസിൽ നിൽക്കേ 15 ഓവർ പൂർത്തിയാകുമ്പോൾ സ്‌കോർ 134-4. അവസാന അഞ്ച് ഓവറിൽ ജയിക്കാൻ 77 റൺസ്. തൊട്ടടുത്ത ഓവറിൽ ബില്ലിംഗ്‌സിനെ(24 പന്തിൽ 36) ബിഷ്‌ണോയിയുടെ പന്തിൽ ഡികോക്ക് സ്റ്റംപ് ചെയ്തു.

അവസാന ഓവറുകളിൽ പതിവിൽ നിന്ന് വ്യത്യസ്തമായി പന്ത് ബാറ്റിൽ കൊള്ളിക്കാൻ പ്രയാസപ്പെടുന്ന റസലിനെയാണ് ആരാധകർ കണ്ടത്. 11 പന്ത് നേരിട്ട റസൽ അഞ്ച് റൺസ് മാത്രമായി മൊഹ്‌സീന് കീഴടങ്ങി. 18-ാം ഓവറിൽ ആവേഷ് ഖാനെ 17 റൺസിന് തൂക്കി സുനിൽ നരെയ്‌നും റിങ്കു സിംഗും കെകെആറിന് പ്രതീക്ഷ നൽകി. അവസാന 6 പന്തിൽ ജയിക്കാൻ വേണ്ട 21 റൺസിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി തകർത്ത് തുടങ്ങിയെങ്കിലും നാലാം പന്തിൽ ലെവിസിന്റെ പറക്കും ക്യാച്ചിൽ പുറത്തായി. 15 പന്തിൽ 40 റൺസ് റിങ്കു നേടി. ഈ ക്യാച്ചാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്. അവസാന പന്തിൽ ഉമേഷ് യാദവിനെ ബൗൾഡാക്കി സ്റ്റോയിനിസ് ലഖ്‌നൗവിന്റെ ജയമുറപ്പിച്ചു. നരെയ്‌ൻ 7 പന്തിൽ 21 പുറത്താകാതെ നിന്നു.

Story Highlights: LUCKNOW SUPER GIANTS WON BY 2 RUNS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top