മൊബൈൽ ഫോൺ ലഭിച്ചെങ്കിലും മറ്റ് വിവരങ്ങളില്ല; വാച്ചര്‍ രാജനായി തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് നിർദേശം നൽകിയെന്ന് മന്ത്രി

സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി വലിയ രീതിയിൽ തെരച്ചിൽ നടത്തിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സമാന്തരമായി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ധാരണയായി. പൊലീസ് കേസിന് തീരുമാനിച്ചത് ദുരൂഹത ഉള്ളതിനാൽ. മൊബൈൽ ഫോൺ ലഭിച്ചെങ്കിലും മറ്റ് വിവരങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് നിർദേശം നൽകിയെന്നും വനംമന്ത്രി വ്യക്തമാക്കി.
അതേസമയം വാച്ചര്‍ രാജന് വേണ്ടിയുളള തെരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാനുള്ള സാധ്യത നന്നേ കുറവാണെന്ന് പൊലീസിന്റെ ഉന്നതതലയോഗം വിലയിരുത്തി. മാവോയിസ്റ്റ് സാന്നിധ്യവും ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. പ്രത്യേക സംഘം കേസ് ഏറ്റെടുത്ത ശേഷമുളള പുരോഗതിയാണ് അന്വേഷണസംഘം ഇന്ന് വിലയിരുത്തിയത്.
സൈരന്ധ്രി വനത്തിനുളളില്‍ വെച്ച് രാജന് അപകടം സംഭവിക്കുകയോ മൃഗങ്ങളുടെ ആക്രമണമുണ്ടാകുകയോ ചെയ്തിട്ടില്ല എന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ രാജന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് അന്വേഷണം നടത്തും.
രാജന്റെ തിരോധാനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. രാജന്റെ മൊബൈല്‍നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കാട് വിടാന്‍ രാജന് സഹായം കിട്ടിയോ എന്ന കാര്യവും അന്വേഷണവിധേയമാക്കുന്നുണ്ട്.
വനംവകുപ്പ് വിദഗ്ധരെ ഉള്‍പ്പെടുത്തിയുളള തെരച്ചില്‍ അവസാനിപ്പിച്ചതോടെ ഇന്നലെ രാജന്റെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. ചെറുസംഘങ്ങളായാണ് കാട്ടില്‍ ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്.
Story Highlights: Minister A K Saseendran on Watcher Rajan Missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here