കോടതിയുടെ സമയം മെനക്കെടുത്തി; രണ്ട് അഭിഭാഷകർക്ക് 8 ലക്ഷം പിഴശിക്ഷ…

കോടതിയുടെ സമയം മെനക്കെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് 2 അഭിഭാഷകർക്ക് സുപ്രീം കോടതി 8 ലക്ഷം രൂപ പിഴ ചുമത്തി. വാഹനപ്പെരുപ്പം, വായുമലിനീകരണം, മലിനീകരണ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ഹർജി നൽകിയ അഭിഭാഷകർക്കാണ് ശിക്ഷ ലഭിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകൾ വായിച്ചിട്ടും ഹർജിയുമായി എത്തിയത് സമയം മെനക്കെടുത്താനാണെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ഇരുവരെയും ശകാരിക്കുകയും ചെയ്തു. ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് എൽ.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ‘ഇത് മൂട്ട് കോർട്ട് മത്സരം നടക്കുന്ന സ്ഥലമല്ല’ എന്നും കോടതി പറഞ്ഞു.
നിങ്ങൾ എൻജിടിയുടെ ഉത്തരവും മറ്റെല്ലാ ഉത്തരവുകളും കണ്ടില്ലേ? എന്നിട്ടും നിങ്ങൾ ഈ ഹർജി ഫയൽ ചെയ്തതിനെ കുറിച്ച് ഉറപ്പാണോ? എന്നാണ് ബെഞ്ച് ചോദിച്ചത്. ഹരജിക്കാരന് 8 ലക്ഷം രൂപയാണ് കോടതി ചുമത്തിയിരിക്കുന്നത്. അഭിഭാഷകന്റെ ഒരു റിട്ട് ഹർജിയും രജിസ്ട്രി പരിഗണിക്കില്ലെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വാഹനങ്ങളുടെ 10, 15 വർഷത്തെ നിയമം അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും ഹർജിയിൽ വാദിച്ചു.
ഇത്തരം ഹർജികളെ പ്രോത്സാഹിപ്പിക്കരുതെന്ന് റജിസ്ട്രിക്ക് കോടതി നിർദേശവും നൽകി. ഇതിനുമുമ്പ് ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക് (വെരിഫിക്കേഷൻ ടാഗ്) പുനഃസ്ഥാപിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ സിബിഐ മുൻ ഇടക്കാല ഡയറക്ടറിന് ഡൽഹി ഹൈക്കോടതി 10,000 രൂപ ശിക്ഷ വിധിച്ചിരുന്നു. ഇതേ വിഷയത്തിൽ ഏപ്രിൽ 7 ന് കോടതി വിധി പ്രസ്താവിച്ചിരുന്നു. പിന്നെ എന്തിനാണ് ഇത്രയും വേഗം വീണ്ടും കോടതിയെ സമീപിച്ചതെന്ന് ആരോപിച്ചായിരുന്നു അന്ന് പിഴ ഈടാക്കിയത്. വിഷയത്തിൽ ട്വിറ്ററിനെ സമീപിക്കാനാണ് കോടതി നേരത്തെ നിർദേശിച്ചത്. പല തവണ ആശയവിനിമയം നടത്തിയിട്ടും ഫലമുണ്ടായില്ല എന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്.
Story Highlights: Supreme Court imposes Rs 8 lakh fine on two advocates for ‘misadventure’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here