Advertisement

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്

May 19, 2022
Google News 2 minutes Read
ashikha

യൂത്ത് ലീ​ഗ് നേതാവിന്റെ സൈബർ ആക്രമണത്തിനെതിരെ മുസ്ലിംലീ​ഗ് നേതൃത്വത്തിന് നൽകിയ പരാതി പുറത്തുവിട്ട് ഹരിത മുൻ നേതാവ് ആഷിഖ ഖാനം. പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ലീ​ഗ് നേതാക്കൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നടപടിയെടുക്കാത്തതുകൊണ്ടാണ് പരാതി ഫെയ്സ്ബുക്ക് വഴി പുറത്തുവിടുന്നതെന്നുമാണ് ഹരിത മുൻ നേതാവ് വ്യക്തമാക്കുന്നത്.

” കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് പുറത്തുവിടുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് നേരെ വന്ന അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ സൈബര്‍ പൊലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന്.

മുഹമ്മദ് അനീസിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് അയാൾ ചെയ്ത ഒരു വലിയ തെറ്റിനെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ആ നേരം മുതലാണ് നിയമപരമായി മുന്നോട്ട് പോകുന്നതിനപ്പുറം ഇതിനെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കുകയാണ് വേണ്ടത് എന്ന ചിന്ത രൂക്ഷമാകുന്നത്.

Read Also: വെൽഫെയർ പാർട്ടിയുമായി സഖ്യം പാടില്ല : യൂത്ത് ലീ​ഗ്

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ ക്രൈം ചെയ്ത വ്യക്തിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും മുന്‍സംഭവങ്ങള്‍ കൂടെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരം വ്യക്തമാണ്. എന്നാല്‍ അതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്ലിം ലീഗ് പാര്‍ട്ടി തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.

ഒരു സൈബര്‍ ക്രൈമിനെ ന്യായീകരിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇതിനെതിരെ ലീഗ് നടപടിയെടുത്തിട്ടില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിനകത്തേക്ക് വരുന്ന ഓരോ പെണ്‍കുട്ടികളും ഇനിയുള്ള കാലത്ത് എന്ത് വിശ്വസിച്ചാണ് വരുക. അതിനാല്‍ മുസ്ലിം ലീഗ് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ പരാതി ഇവിടെയും പങ്കുവെക്കുന്നു. പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ഈ വിഷയത്തെ നിയമപരമായി നേരിടും. ലീഗ് ഒരിക്കലും ഇത്തരത്തിലുള്ള സൈബര്‍ ക്രൈമുകളെ ന്യായീകരിക്കില്ലെന്നതും അത് ചെയ്തവരെ സംരക്ഷിക്കില്ലെന്നതും കേള്‍ക്കാനാണ് ഞാനാ​ഗ്രഹിക്കുന്നത്.” – ആഷിഖ ഖാനം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Story Highlights: Ashikha Khanam slams Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here