മൂന്ന് ദിവസമായി കറണ്ടില്ല; കെഎസ്ഇബി ഓഫിസിൽ പായ വിരിച്ചു കിടന്നുറങ്ങി പ്രതിഷേധം; യുവാവിനെതിരെ പരാതി

മൂന്നുദിവസത്തോളം വൈദ്യുതി മുടങ്ങിയതിനാൽ കെഎസ്ഇബി ഓഫിസിൽ പായ വിരിച്ചു കിടന്നുറങ്ങിയ യുവാവിനെതിരെ പൊലീസിൽ പരാതി. കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ച് കയറി ജോലി തടസപ്പെടുത്തി എന്നു കാണിച്ചാണ് കുറിച്ചിക്കൽ സ്വദേശി പ്രദീപിനെതിരെ കരുവാറ്റ അസിസ്റ്റന്റ് എഞ്ചിനീയർ ഹരിപ്പാട് സിഐയ്ക്ക് പരാതി നൽകിയത്.
ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫിസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫിസിനുള്ളിൽ കിടക്കുകയായിരുന്നു. വൈദ്യുതി ഉടൻ എത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതിനെ തുടർന്നാണ് കുറച്ചു സമയത്തിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചത്.
തകഴി ഫീഡറിൽ നിന്നാണ് കരുവാറ്റ സെക്ഷൻ പരിധിയിലുള്ള ഈ ഭാഗത്ത് വൈദ്യുതി വിതരണം ചെയ്യുന്നത്. എടത്വാ ഫീഡറിൽ നിന്നുള്ള രണ്ട് ട്രാൻസ്ഫോർമർ കരുവാറ്റ സെക്ഷൻ പരിധിയിലാണുള്ളത്. ഇവിടെ നിന്നുള്ള തകരാറാണ് കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണം. പാടശേഖരങ്ങളോടു ചേർന്ന ഭാഗമായതിനാൽ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: It has not rained for three days; KSEB office mats protest; Complaint against the young man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here