Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (20-05-22)

May 20, 2022
2 minutes Read

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും; പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.

ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍

തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി. (first anniversary of second pinarayi government )

തൃശൂർ നഗരത്തിൽ ചാറ്റൽ മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ. നഗരത്തിൽ ചാറ്റൽ മഴ പെയ്തുതുടങ്ങിയതാണ് അനിശ്ചിതത്വത്തിനു കാരണമായത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. എന്നാൽ, മഴ തുടരുകയാണെങ്കിൽ വെടിക്കെട്ട് ഇന്നും മുടങ്ങും.

ഗ്യാൻവാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയിൽ

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തിൽ സുപ്രിംകോടതിയുടെ നിലപാട് നിർണ്ണായകമാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. ഈ മാസം 15നാണ് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘങ്ങളാണ് ജലീലിനെ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം വേണമെന്ന് ജലീലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.

സിൽവർലൈൻ പദ്ധതിക്ക് പച്ചക്കൊടി; പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണയെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഭാവി കേരളത്തിനുള്ള ഈടുവയ്‌പ്പ്. പദ്ധതിയുടെ പുതിയ രൂപരേഖ റയിൽവേ മന്ത്രാലയത്തിന്റെ പരിഗണയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായുടെ ഹിന്ദി വാദം തള്ളി പ്രധാനമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നത് പ്രാദേശിക ഭാഷകളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഇന്ത്യൻ ഭാഷകളെ ഭാരതീയതയുടെ ആത്മാവായും രാജ്യത്തിൻ്റെ മികച്ച ഭാവിയിലേക്കുള്ള കണ്ണിയായുമാണ് ബിജെപി കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. (hindification modi amit shah)

‘സര്‍ക്കാര്‍ വികസന വിരുദ്ധര്‍’; എന്തിനാണ് വാര്‍ഷികാഘോഷം നടത്തുന്നതെന്ന് ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലഭിച്ചത് നാലിരട്ടി മഴ; കൂടുതൽ മഴ പെയ്തത് എറണാകുളത്ത്

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിൽ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴ. മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത് 255.5 മില്ലിമീറ്റർ മഴയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.

സ്വര്‍ണവില വര്‍ധിച്ചു; പവന് 37,040 രൂപയായി

സ്വര്‍ണവില വര്‍ധിച്ചു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,040 ആയി. സ്വര്‍ണ വില ഗ്രാമിന് 4631 രൂപയായും വര്‍ധിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 40,416 രൂപ നല്‍കേണ്ടി വരും. 

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement