ആവേശപ്പോരിൽ മുംബൈക്ക് ജയം; ഡൽഹി പുറത്ത്, ബാംഗ്ലൂർ പ്ലേഓഫിൽ

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. ഡൽഹി മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം 5 പന്തും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ മുംബൈ മറികടന്നു. 48 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡെവാൾഡ് ബ്രെവിസ് (37), ടിം ഡേവിഡ് (34) എന്നിവരും മുംബൈക്കായി തിളങ്ങി. ഡൽഹി ക്യാപിറ്റൽസിനായി നോർക്കിയയും ശാർദ്ദുലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമാണ് മുംബൈക്കും ലഭിച്ചത്. ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ രോഹിത് ശർമ്മ പവർപ്ലേയുടെ അവസാന ഓവറിൽ മടങ്ങിയപ്പോൾ സ്കോർ ബോർഡിൽ വെറും 25 റൺസ്. 13 പന്തുകൾ നേരിട്ട് വെറും റൺസ് മാത്രമെടുത്ത മുംബൈ നായകനെ ആൻറിച് നോർക്കിയ ശാർദ്ദുൽ താക്കൂറിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും ഡെവാൾഡ് ബ്രെവിസും ചേർന്ന കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഡൽഹിയുടെ മികച്ച ബൗളിംഗ് നേരിട്ട യുവതാരങ്ങൾ 51 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളികളായി. ഇഷാൻ കിഷനെ മടക്കിയ കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 പന്തിൽ 3 ബൗണ്ടറിയും 4 സിക്സറും സഹിതം 48 റൺസെടുത്ത കിഷനെ ഡേവിഡ് വാർണർ പിടികൂടി.
ഏറെ വൈകാതെ ബ്രെവിസും മടങ്ങി. 33 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 37 റൺസെടുത്ത താരം ശാർദ്ദുൽ താക്കൂറിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. തുടർന്ന് നാലാം വിക്കറ്റിൽ ടിം ഡേവിഡും തിലക് വർമ്മയും ചേർന്ന കൂട്ടുകെട്ട് മുംബൈക്ക് വീണ്ടും പ്രതീക്ഷ നൽകി. ചില കൂറ്റൻ ഷോട്ടുകളുമായി മുംബൈയെ മത്സരത്തിൽ തന്നെ നിർത്തിയ സഖ്യം 50 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് വേർപിരിഞ്ഞത്. 11 പന്തുകളിൽ രണ്ട് ബൗണ്ടറിയും 4 സിക്സറും സഹിതം 34 റൺസെടുത്ത ടിം ഡേവിഡിനെ ശാർദ്ദുൽ താക്കൂർ പൃഥ്വി ഷായുടെ കൈകളിലെത്തിക്കുകയായിരുന്നു. 19ആം ഓവറിൽ തിലക് വർമ്മയെ (21) നോർകിയ മടക്കി. താരത്തെ പന്ത് പിടികൂടി. എന്നാൽ, 13 റൺസെടുത്ത് പുറത്താവാതെ നിന്ന രമൺദീപ് സിംഗ് മുംബൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
Story Highlights: mumbai indians won delhi capitals ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here