രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചത്. “നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു” എന്ന് മോദി ട്വീറ്റ് ചെയ്തു.
നേരത്തെ ഡൽഹിയിലെ വീർഭൂമിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിൻ പൈലറ്റും വീർഭൂമിയിൽ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന കാര്യത്തിൽ തന്‍റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ദീർഘവീക്ഷണമുള്ള ആളായിരുന്നെന്നും അദ്ദേഹത്തിന്‍റെ നയങ്ങൾ അതിന് സഹാകരമായിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളുടെ പിതാവ് കരുണയും ദയയും ഉള്ള മനുഷ്യനായിരുന്നു. ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം എനിക്കും പ്രിയങ്കക്കും അദ്ദേഹം പഠിപ്പിച്ചു തന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം വേദനിപ്പിക്കുന്നു, ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓർക്കുന്നു.” -രാഹുൽ ഗാന്ധി പറഞ്ഞു.
1984ൽ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാജീവ് ഗാന്ധി കോൺഗ്രസിന്റെ ചുമതലയേറ്റത്. 40-ാം വയസ്സിൽ അധികാരമേറ്റപ്പോൾ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ ചാവേറാക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്.
Story Highlights: PM Modi Pays Tribute To Former PM Rajiv Gandhi On Death Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here