മദ്യലഹരിയിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ പൊലീസിനെ ആക്രമിച്ചു
വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തുവല്ലൂർക്കോണം കാഞ്ഞിരംകോട് മേലേവെട്ടിവിള വീട്ടിൽ നിതിൻ (28), കാട്ടാക്കട കുളത്തുമ്മൽ വില്ലേജിൽ അയണിവിള തടത്തരികത്ത് വീട്ടിൽ ഷൈജു (37), കാട്ടാക്കട മാറനല്ലൂർ തുവല്ലൂർക്കോണം കാവുവിളപുത്തൻ വീട്ടിൽ റെനി ജോൺ (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Also: വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പൊലീസിനെതിരെ ആരോപണവുമായി കുടുംബം
വ്യാഴാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ വെള്ളറട കാരമൂട്ടിൽ വാഹന പരിശോധന നടക്കവേയാണ് ഒരു ബൈക്കിൽ മൂന്നുപേരെത്തിയത്. പൊലീസ് കൈകാണിച്ചതോടെ ഇവർ വാഹനം നിർത്തി. യുവാക്കൾ മദ്യലഹരിയിലാണെന്ന് ബോധ്യമായതോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസുകാർ ശ്രമിച്ചു.
പൊലീസ് സ്റ്റേഷനിൽ പോകണം എന്ന് പറഞ്ഞതോടെ ഇവർ വാഹനത്തിൽ കയറാൻ തയ്യാറാകാതെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വെള്ളറട സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് മൂവരെയും വാഹനത്തിൽ കയറ്റിയത്. ഇവർ പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Three youths attacked police in tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here