പി സി ജോര്‍ജിന്റെ അറസ്റ്റ് നാടകമായിരുന്നു, അടുത്ത നാടകത്തിനുള്ള തിരക്കഥയാണ് ഒരുങ്ങുന്നത്: വി ഡി സതീശന്‍

വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ മുന്‍പ് അറസ്റ്റ് ചെയ്ത സംഭവം വെറും നാടകമായിരുന്നെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് മുന്‍പും അറസ്റ്റ് ആകാമായിരുന്നു. എന്നാല്‍ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പുതിയ അറസ്റ്റ് നാടകത്തിനുള്ള തിരക്കഥയാണ് ഇപ്പോള്‍ ഒരുങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്‍പാകെ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ ഒഴിഞ്ഞുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി സി ജോര്‍ജിനെ രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തെന്ന് ആദ്യം വരുത്തിത്തീര്‍ത്തു. പിന്നീട് സ്വന്തം കാറില്‍ തിരുവനന്തപുരം വരെ സഞ്ചരിക്കാന്‍ അനുവദിക്കുകയും വഴിയില്‍ സംഘപരിവാറിന്റെ സ്വീകരണം ഏറ്റുവാങ്ങാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് പ്രോസിക്യൂട്ടര്‍ അപ്രത്യക്ഷനാകുന്നു. കൊടുത്ത എഫ്‌ഐആറില്‍ കേസുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ലെന്ന് മജിസ്‌ട്രേറ്റ് പറയുന്നു. ഇങ്ങനെ പുറത്തിറങ്ങിയ പി സി ജോര്‍ജ് വീണ്ടും ഇതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. ഇതെല്ലാം സര്‍ക്കാര്‍ നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Also: വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം.
മതത്തിനുള്ളില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ താന്‍ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ പ്രസംഗം വിശദമായി പരിശോധിച്ച കോടതി ഈ വാദം തള്ളുകയായിരുന്നു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന് ചില രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും അത് നടപ്പാക്കാനായാണ് കേസെടുത്തതെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറ്റൊരു വാദം.
Story Highlights: vd satheeshan criticised pc george arrest procedures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here