നടിയെ ആക്രമിച്ച കേസ്, അപ്രതീക്ഷിത നീക്കവുമായി അതിജീവിത; ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേർത്തത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരുകയാണ്.
Read Also: നടിയെ ആക്രമിച്ച കേസ്; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത
കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ വേഗത്തിൽ റിപ്പോർട്ട് നൽകുന്നത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ട് സെഷൻസ് കോടതിയ്ക്ക് കൈമാറും. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പുതിയ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.
നടിയെ ആക്രമിച്ച കേസിലെ അന്തിമ കുറ്റപത്രത്തിൽ ഇതോടെ പത്ത് പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് തയ്യാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയായിരുന്നു. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കുകയും ചെയ്തതോടെയാണ് പ്രതിപ്പട്ടിക പത്തായി മാറുന്നത്.
Story Highlights: athijeevitha filed the petition in High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here