നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേർത്തത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും.
കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ വേഗത്തിൽ റിപ്പോർട്ട് നൽകുന്നത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ട് സെഷൻസ് കോടതിയ്ക്ക് കൈമാറും. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പുതിയ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.
നടിയെ ആക്രമിച്ച കേസിലെ അന്തിമ കുറ്റപത്രത്തിൽ ഇതോടെ പത്ത് പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് തയ്യാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയായിരുന്നു. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കുകയും ചെയ്തതോടെയാണ് പ്രതിപ്പട്ടിക പത്തായി മാറുന്നത്.
Story Highlights: attack on the actress final chargesheet will be filed next Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here