Advertisement

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍

May 27, 2022
Google News 2 minutes Read

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു. (no discussion on aided school appointment psc )

അധ്യാപക സംഘടനകളും ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ. നിലവില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എല്‍ഡിഎഫോ സര്‍ക്കാരോ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട മുന്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

എ കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. നീക്കമുണ്ടായാല്‍ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിര്‍ക്കുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയെന്നതിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യം സഭ നല്‍കുന്നില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഈ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയ്ഡഡ് സ്‌കൂളുകള്‍ ആകാശത്തുനിന്ന് പൊട്ടി വീണതല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ സമുദായം ചോര നീരാക്കി ഉണ്ടാക്കിയതാണ്. ഒരു സുപ്രഭാതത്തില്‍ അതെല്ലാം ഏറ്റെടുക്കുമെന്ന് പറയുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും ഏറ്റെടുക്കലില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: no discussion on aided school appointment psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here