ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും; കെ സുരേന്ദ്രൻ

ജനവികാരം ബിജെപിക്ക് അനുകൂലമാണെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിസി ജോർജ് പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുകളെയും ക്രൈസ്തവരെയും ഇസ്ലാംമത ഭീകരവാദികൾ ലക്ഷ്യം വെച്ചിരിക്കുകയാണ്. ലോകത്തിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അതേ പരീക്ഷണം കേരളത്തിൽ നടത്താനാണ് ശ്രമം. മതഭീകരവാദികൾ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. ഇത് തൃക്കാക്കരയിലെ ജനങ്ങൾ ചർച്ച ചെയ്യും. പാലാ ബിഷപ്പിനെ സതീശനും പിണറായിയും കടന്നാക്രമിച്ചത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പിസി ജോർജ് തൃക്കാക്കരയിൽ പറഞ്ഞു. ഞാനിപ്പോൾ മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിനെ എന്നെ പിടിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം. ഞാൻ സത്യങ്ങൾ വിളിച്ചു പറയുന്നതും വി എസ് അച്യുതാനന്ദന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. ഞാൻ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തിൽ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ജോർജ് അഭ്യർത്ഥിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Story Highlights: Hindus and Christians targeted by Islamic terrorists; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here