Advertisement

സ്ത്രീധന പീഡനം; രണ്ട് ​ഗർഭിണികൾ ഉൾപ്പടെ മൂന്ന് സഹോ​ദരിമാരും അവരുടെ രണ്ട് കുട്ടികളും മരിച്ച നിലയിൽ

May 29, 2022
Google News 2 minutes Read
rajasthan

സ്ത്രീധന പീഡനത്തെ തുടർന്ന് രണ്ട് ​ഗർഭിണികൾ ഉൾപ്പടെ മൂന്ന് സഹോ​ദരിമാരെയും അവരുടെ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കലു മീന (25) , മമ്ത (23), കമലേഷ് (20) എന്നീ സഹോദരിമാരും 4 വയസുള്ള കുട്ടിയും 27 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ ചാപിയ എന്ന ഗ്രാമത്തിലെ ഒരേ വീട്ടില്‍ നിന്നുള്ള മൂന്നു സഹോദരന്മാരെയാണ് ഇവര്‍ മൂന്നുപേരും വിവാഹം കഴിച്ചത്. ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

നാല് ദിവസത്തിനു മുമ്പാണ് സഹോദരിമാരെ കാണാതാവുന്നത്. ശനിയാഴ്ച്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ ഗ്രാമത്തിലുള്ള കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. അഞ്ചു പേരുടെ മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ ഭര്‍ത്താക്കന്മാർക്കും ബന്ധുക്കൾക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാദ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് രാജസ്ഥാനിലെ സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ ആവശ്യം.

Read Also: “പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവുമോ?”; സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് വെട്ടിലായി ബീഹാർ മുഖ്യമന്ത്രി

പെണ്‍കുട്ടികള്‍ ഭര്‍തൃവീടുകളില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരകളായിരുന്നുവെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. പെൺകുട്ടികൾക്ക് സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും മേയ് 25 മുതലാണ് കാണാതായതെന്നും ആത്മഹത്യ ചെയ്ത സ്ത്രീകളുടെ ബന്ധുവായ ഹേമരാജ് മീന മാധ്യമങ്ങളോട് പറഞ്ഞു. വനിത ഹെല്‍പ് ലൈനിലും പൊലീസ് സ്റ്റേഷനിലും ദേശീയ വനിത കമ്മിഷനിലും പരാതി നല്‍കിയിട്ടും സഹായം ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

ഏറ്റവും ഇളയ സഹോദരി കമലേഷിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. ‘ ഞങ്ങളുടെ മരണത്തിനു കാരണം ഭര്‍തൃബന്ധുക്കളാണ്. എല്ലാദിവസവും മരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരു ദിവസം മരിക്കുന്നത്. അതുകൊണ്ട് ഒരുമിച്ച് മരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ മൂന്നുപേരും അടുത്ത ജന്മത്തിലും ഒരുമിക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ മരിക്കണമെന്ന് ആഗ്രഹിച്ചതല്ല, പക്ഷേ, ഭര്‍ത്താക്കന്മാരുടെ ബന്ധുക്കളുടെ പീഡനം ഇനിയും സഹിക്കാനാവില്ല. ഞങ്ങളുടെ മരണത്തിന്റെ പേരില്‍ ഞങ്ങളുടെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുത്’. ഇതാണ് ഇളയ സഹോദരിയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്.

Story Highlights: Three sisters and their kids found dead in well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here