കൊവിഡിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയർ; പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. മാത്രമല്ല ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും.
ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ വീതം പദ്ധതിയുടെ ഭാഗമായി നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും കുട്ടികള്‍ വെർച്വൽ രീതിയില്‍ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
കഴിഞ്ഞ വർഷം മെയിലാണ് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് സഹായം ലഭിക്കുക . കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമവും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. കൂടാതെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പദ്ധതി എന്നത് ശ്രദ്ധേയമാണ്.
Story Highlights: Modi to release benefits under PM CARES for Covid-hit children today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here