‘അശ്വിൻ കൂടുതൽ ഓഫ് ബ്രേക്കുകൾ എറിയേണ്ടിയിരുന്നു’; വിമർശിച്ച് സങ്കക്കാരയും സെവാഗും

രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ വിമർശിച്ച് ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സങ്കക്കാരയും മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ വീരേന്ദർ സെവാഗും. ഫൈനലിൽ കാരം ബോളുകൾ കൂടുതലായി എറിഞ്ഞതിനെതിയാണ് ഇരുവരും വിമർശിച്ചത്. അശ്വിൻ തൻ്റെ സ്റ്റോക്ക് ബോളായ ഓഫ് ബ്രേക്കുകൾ കൂടുതലായി എറിയേണ്ടിയിരുന്നു എന്നാണ് സങ്കയും വീരുവും അഭിപ്രായപ്പെട്ടത്.
“അശ്വിൻ ഞങ്ങൾക്കു വേണ്ടി തകർപ്പൻ പ്രകടനങ്ങളാണ് നടത്തിയത്. ക്രിക്കറ്റ് പിച്ചിലെ നേട്ടങ്ങളുടെ അടിസ്ഥാത്തിൽ അശ്വിൻ ഒരു ഇതിഹാസമാണെങ്കിലും അദ്ദേഹം കൂടുതൽ ചിന്തിക്കുകയും പ്രകടനങ്ങൾ കൂടുതൽ നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ഓഫ് സ്പിന്നും അത് കൂടുതലായി ഉപയോഗിക്കേണ്ടതും ചെയ്യേണ്ടതുണ്ട്.”- മത്സര ശേഷം സംസാരിക്കവേ സംഗക്കാര പറഞ്ഞു.
ഓഫ് ബ്രേക്കുകൾ കൂടുതലായി എറിയാത്തതിനെ സെവാഗും വിമർശിച്ചു. “അശ്വിൻ തൻ്റെ ഓഫ് സ്പിന്നുകൾ കൂടുതലായി എറിയേണ്ടിയിരുന്നു. അത് ബാറ്റർമാർക്ക് കൂടുതൽ പ്രശ്നമുണ്ടാക്കുകയായിരുന്നു. പക്ഷേ, അശ്വിൻ കാരം ബോളുകൾ കൂടുതലായി എറിഞ്ഞു. കളിയുടെ അവസാന ഓവറുകളിൽ പിച്ചിൽ ഒരു റഫ് പാച്ച് രൂപപ്പെട്ടിരുന്നു. ഗില്ലിനെപ്പോലും ഒരുപക്ഷേ, അത് ബുദ്ധിമുട്ടിലാക്കിയേനെ. പാണ്ഡ്യയെ അങ്ങനെ പുറത്താക്കാനും ശ്രമിക്കാമായിരുന്നു. പക്ഷേ, അശ്വിൻ വേറെ തരത്തിലാണ് ചിന്തിച്ചത്. വേരിയേഷനുകൾ കൊണ്ട് അദ്ദേഹം വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചു.”- സെവാഗ് വ്യക്തമാക്കി.
ഫൈനലിൽ ഗുജറാത്ത് താരം ഡേവിഡ് മില്ലറിനെതിരെ അശ്വിൻ കൂടുതൽ ഓഫ് ബ്രേക്കുകൾ പരീക്ഷിക്കേണ്ടിയിരുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. 19 പന്തുകളിൽ 32 റൺസെടുത്ത മില്ലർ ഗുജറാത്തിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Story Highlights: sehwag sangakkara against r ashwin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here