ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്. ജൂൺ രണ്ടിന് ഹാർദിക് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. താൻ ബിജെപിയിൽ ചേരില്ലെന്ന് കഴിഞ്ഞ ദിവസം ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ഇതിനു വിപരീതമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഗുജറാത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റായിരുന്ന ഹാർദ്ദിക് പട്ടേൽ ഈ മാസം 28നാണ് പാർട്ടി വിട്ടത്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാർദിക് പട്ടേൽ ഗുജറാത്ത് ജനതയ്ക്കായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ ഹാർദ്ദിക് പട്ടേൽ അതൃപ്തനായിരുന്നു.
കോൺഗ്രസിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തിയ ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയിൽ ഹാർദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസിലെത്തിയത്.
”കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.
Story Highlights: hardik patel to join bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here