നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്‌ഡൻലുൻഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്‌ച. കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിൽ നോർവേയുമായി സഹകരിക്കുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. കേരളത്തിലേക്ക് നോർവീജിയൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കേരളവുമായി വിവിധ മേഖലകളിൽ സഹകരണത്തിന് നല്ല സാധ്യതയുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി.
നോർവേയുമായി ചേർന്ന് പി പി പി വഴി വെസ്റ്റ് കോസ്റ്റ് കനാലിൽ ടൂറിസം പദ്ധതികൾ വിപുലീകരിക്കാനുള്ള സാധ്യതകളും ചർച്ചയിൽ ഉയർന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ നൽകാമെന്നും നോർവേ അംബാസഡർ അറിയിച്ചു. നോർവെ അംബാസഡർ ഇന്നലെ കൊച്ചിൻ ഷിപ് യാർഡും പഴയ ഇൻഡോ നോർവീജിയൻ പദ്ധതിയുടെ ആസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സംഘടനയും സന്ദർശിച്ചു.
Read Also: വിമാന യാത്രാ നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്തോ- നോർവേ പദ്ധതിയുടെ ഭാഗമായി മുമ്പ് നിർമ്മിച്ച നീണ്ടകര ഫിഷിംഗ് ഹാർബറും സംഘം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും ചർച്ച നടത്തി. നോർവീജിയൻ സമൂഹത്തോടുള്ള കേരളീയരുടെ സ്നേഹം ഈ സന്ദർശനങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്ന് അംബാസഡർ മുഖ്യമന്ത്രിയെ അറിയിച്ചു.
Story Highlights: pinarayi meets with Norwegian ambassador Hans Jacob Frydenlund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here