Advertisement

തൃക്കാക്കരയിലെ നനഞ്ഞ പടക്കങ്ങളായി കെ വി തോമസും പി സി ജോ‍ർജും

June 3, 2022
Google News 3 minutes Read
kv thomas pc george election tactics fail

മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും തയാറെടുപ്പുകൾക്കും വിവാദങ്ങൾക്കും വിരാമം കുറിച്ച് തൃക്കാക്കര കൈപിടിയിലാക്കിയിരിക്കുകയാണ് യുഡിഎഫിന്റെ ഉമാ തോമസ്. ഒരു ഉപതെരഞ്ഞെടുപ്പിനും ഇതുവരെ ലഭിക്കാത്ത പ്രാധാന്യമാണ് തൃക്കാക്കരയ്ക്ക് ഇത്തവണ ലഭിച്ചത്. അതിനൊരു കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില വ്യത്യസ്തതകൾ ആണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാർക്കും പുറമെ, കെ.വി തോമസ് ഇത്തവണ എൽഡിഎഫിന് വേണ്ടി കളത്തിലിറങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് യുഡിഎഫിൽ നിന്നകന്ന് കെ.വി തോമസ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റിലായിരുന്ന പി.സി ജോർജും ജാമ്യം നേടി എൻഡിഎക്ക് വേണ്ടി പ്രചാരണം ശക്തമാക്കി. പക്ഷേ എൽഡിഎഫിനും എൻഡിഎയ്ക്കും ഈ പ്രചാരണങ്ങൾ സഹായമായില്ല എന്ന് വേണം കണക്കാക്കാൻ. ഭീമൻ ശബ്ദത്തോടെ പൊട്ടിവിടരുമെന്ന് പ്രതീക്ഷിച്ച ഈ തന്ത്രങ്ങൾ മണ്ഡലത്തിലെ നനഞ്ഞ പടക്കങ്ങളായി. ( kv thomas pc george election tactics fail )

മൂന്നാം തിയതി ഉയർത്തെഴുന്നേറ്റില്ല..

മതവിദ്വേഷ പ്രസം​ഗക്കേസിൽ അറസ്റ്റിലായത് മുതൽ എൻഡിഎ പി.സി ജോർജിന് പരോക്ഷ പിന്തുണയാണ് നൽകിയത്. ഈ പിന്തുണ തന്നെ തെരഞ്ഞെടുപ്പിലും പിസി ജോർജ് എൻഡിഎയ്ക്ക് തിരികെ നൽകി. കേസിൽ ജാമ്യം ലഭിച്ച പിസി ജോർജ് ഞായറാഴ്ച ഹാജരാകണമെന്ന നോട്ടിസ് അവ​ഗണിച്ച് തിങ്കളാഴ്ച എൻഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനായി തൃക്കാക്കരയിലെത്തി.

പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റിയിരിക്കുകയാണെന്നും മൂന്നാംതീയതി അദ്ദേഹം ഉയർത്തെഴുന്നേൽക്കുമെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞത്. പി.സി ജോർജിന്റെ പ്രചാരണത്തോടെ സാഹചര്യങ്ങൾ വീണ്ടും തനിക്ക് അനുകൂലമായി മാറിയെന്നും എ.എൻ രാധാഷ്ണൻ പ്രതികരിച്ചിരുന്നു. പക്ഷേ മൂന്നാം തിയതിയായ ഇന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞത് പോലെ പി.സി ക്ക് ഉയർത്തെഴുനേൽക്കാൻ സാധിച്ചില്ല. എൻഡിഎ ക്യാമ്പ് പ്രത്യാശിച്ച പോലെ പി.സി ജോർജിന്റെ വരവ് എൻഡിഎയെ തുണച്ചുമില്ല.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

ബിജെപിയുടെ യുവനേതാവ് എസ് സജിയാണ് ഇതുവരെ തൃക്കാക്കരയിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ എൻഡിഎ സ്ഥാനാർത്ഥി. ഈ കണക്ക് എ.എൻ രാധാകൃഷ്ണൻ തിരുത്തുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

കൈ’ വിട്ട് കെ.വി തോമസ് , പക്ഷേ ‘കൈ’ പിടിച്ച് തൃക്കാക്കര

യുഡിഎഫിനെ പലതവണ പരോക്ഷ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ച കെ.വി തോമസ് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് തൃക്കാക്കരയിൽ പരസ്യ പിന്തുണ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നൽകിയത്. കെ-റെയിലിനെ എതിർത്ത് പ്രതിപക്ഷം രം​ഗത്ത് വന്നപ്പോൾ കെ.വി തോമസ് വിമത ശബ്ദമായി. വികസനത്തിനാകും തൃക്കാക്കരയിൽ വോട്ടെന്ന് ഉറപ്പിച്ച് കെ.വി തോമസ് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങി. തൃക്കാക്കരയിൽ മുഖ്യമന്ത്രിയെത്തിയെ വേദിയിൽ കെ.വി തോമസും എത്തി. യുഡിഎഫിലെ തന്നെ മുതിർന്ന നേതാവിനെ തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ടുള്ള എൽഡിഎഫ് തന്ത്രം പക്ഷേ ലക്ഷ്യം കണ്ടില്ല.

തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫിന് നിലം തൊടൻ സാധിച്ചില്ല. സെഞ്ചുറി അടിക്കുമെന്ന ഇടത് പക്ഷത്തിന്റെ പ്രചാരണത്തിന് തിരിച്ചടി നൽകി ഒറ്റ ഘട്ടത്തിൽപോലും എൽഡിഎഫ് ലീഡ് ചെയ്തില്ല. സർക്കാരിനെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ് വ്യാഖ്യാനിക്കുന്നു.

Story Highlights: kv thomas pc george election tactics fail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here