ജനവിധി അംഗീകരിക്കുന്നു, തോൽവിയെ കുറിച്ച് പരിശോധിക്കും, പഠിക്കും: മന്ത്രി പി രാജീവ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. വോട്ടിൽ വർധനവുണ്ടായെങ്കിലും ഞങ്ങൾക്കെതിരായുള്ള വോട്ടുകളെല്ലാം ഏകോപിപ്പിച്ചതായാണ് കാണാൻ സാധിക്കുന്നത്. ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വികസനം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. തൃക്കാക്കരയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയ കാരണം സൂഷ്മമായി പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടാൻ കഴിഞ്ഞു. എന്നാൽ ഉദ്ദേശിച്ച നിലയിലേക്ക് ജനങ്ങൾ വോട്ട് നൽകിയില്ല. ജനവിധിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എൽഡിഎഫിനെതിരെ 24300 വോട്ടുകൾക്കാണ് യുഡിഎഫിൻ്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുൻപ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എൽഡിഎഫ് പലതവണ തങ്ങൾ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. തൃക്കാക്കരയിൽ സിക്സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പക്ഷേ, ഗോൾഡൻ ഡക്കിൽ പുറത്തായി. ഒരു ബൂത്തിൽ പോലും ലീഡ് നേടാനായില്ലെന്ന് മാത്രമല്ല, ഭീമമായ പരാജയവും ജോ ജോസഫിന് നേരിടേണ്ടിവന്നു.
Read Also: 100% ആത്മാർത്ഥതയോടെ പ്രവർത്തിക്കും, വിജയം പി ടിയുടെ പ്രവർത്തന ഫലം; ഉമ തോമസ്
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
Story Highlights: P Rajeev on Thrikkakara Bypoll result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here