ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം

ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചരിത്ര ജയം. കോൺഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹതോഡിയെ 55,000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ധാമി പരാജയപ്പെടുത്തി. മെയ് 31 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 64 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ ധാമി 58,258 വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആകെ 3,233 വോട്ടുകളാണ് നേടാനായത്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, 55,025 എന്ന റെക്കോർഡ് ഭൂരിപക്ഷം ധാമിക്ക് നേടനായി. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഖ്യമന്ത്രിമാർ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെങ്കിലും, ഉത്തരാഖണ്ഡിൽ ഒരു മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മാർജിനാണിത്.
2012ൽ കോൺഗ്രസ് ടിക്കറ്റിൽ സിതാർഗഞ്ചിൽ നിന്ന് 40,000 വോട്ടുകൾക്ക് വിജയിച്ച വിജയ് ബഹുഗുണയുടെ റെക്കോർഡാണ് ധാമി തിരുത്തിയെഴുതിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ കാര്യമായ ലീഡ് നേടിയ ധമി ഏകപക്ഷീയ വിജയത്തിലേക്ക് നീങ്ങിയതോടെ ബിജെപി സംസ്ഥാന ഓഫീസിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ധാമി ഖത്തിമയിൽ നിന്ന് പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തുടരുന്നതിന് ധാമി ഉപതെരഞ്ഞെടുപ്പിൽ ജയിക്കണമായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ അധികാരത്തിൽ എത്തുന്നത്.
Story Highlights: U’khand CM Dhami Wins With Flying Colours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here