Advertisement

മഹാധമനി തകർന്ന ബീഹാർ സ്വദേശിക്ക് കരുതലായി കേരള സർക്കാർ; 25 ലക്ഷം ചെലവുള്ള ശസ്ത്രക്രിയ സൗജന്യം

June 4, 2022
Google News 2 minutes Read

മഹാധമനി തകർന്ന ബീഹാർ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാതിരുന്ന ബീഹാർ സ്വദേശി മനോജ് ഷായെയാണ് (42) കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന സർജറിയാണ് സൗജന്യമായി ചെയ്തത്. നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരൾ, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതി സങ്കീർണമായ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു.

അതിസങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കിയ കോട്ടയം മെഡിക്കൽ കോളജ് ടീം അംഗങ്ങളേയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അംഗങ്ങളേയും ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും, കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.

മേയ് ഒന്നാം തീയതിയാണ് അതീവ ഗുരുതരാവസ്ഥയിൽ മനോജ് ഷായെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ മഹാധമനി തകർന്നതായി കണ്ടെത്തി. അടിയന്തര സങ്കീർണ ശസ്ത്രക്രിയ നടത്തിയേ പറ്റു. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ നിറയെ വെല്ലുവിളികളായിരുന്നു മുന്നിൽ.

അഥിതിതൊഴിലിനായി തന്റെയൊപ്പം വന്ന പ്രദീപ് എന്ന സഹോദരൻ മാത്രമാണ് കൂടെയുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്കും, അതിനനുബന്ധമായ മറ്റ് സംവിധാനങ്ങൾക്കും വേണ്ട പണം സമാഹരിക്കുക പ്രദീപിനെ സംബന്ധിച്ച് അസാധ്യമായിരുന്നു. പ്രദീപ് തന്റെ നിസഹായാവസ്ഥ ഡോ. ജയകുമാറിനെ അറിയിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

ആശുപത്രി ചെലവുകളെല്ലാം വഹിക്കാമെങ്കിലും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമുള്ള പണം വെല്ലുവിളിയായി. അങ്ങനെയാണ് സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സഹായമൊരുക്കിയത്. കാസ്പിന്റെ പോർട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് മനോജ് ഷായ്ക്ക് സൗജന്യ ചികിത്സയ്ക്ക് ശ്രമമാരംഭിച്ചത്.

ബീഹാറിൽ നിന്നും രോഗിയുടെ ചികിത്സാ കാർഡ് ലഭ്യമാക്കണം. അതിനായി രോഗിയുടെ വിരലടയാളം നിർബന്ധമാണ്. ഐ.സി.യുവിൽ പ്രത്യേകം ക്രമീകരിച്ച ലാപ്‌ടോപ് ഉപയോഗിച്ചാണ് മെഡിക്കൽ കോളജ് അധികൃതർ ഈ സാങ്കേതിക പ്രശ്‌നം മറികടന്നത്. അങ്ങനെ ബീഹാറിൽ നിന്ന് ദ്രുതഗതിയിൽ ചികിത്സാ കാർഡ് ലഭ്യമാക്കി മനോജ് ഷായ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി.

ഇത്രയും നൂലാമലകളുണ്ടായിട്ടും അതൊന്നും നോക്കാതെ അന്നുതന്നെ മനോജ് ഷായുടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ്ക്ക് ശേഷവും മനോജ് ഷായ്ക്ക് അസ്വസ്തതകൾ ഉണ്ടായതിനാൽ തുടർ ശസ്ത്രക്രിയയും ആവശ്യമായി വന്നു.

സഹായിക്കാൻ ആരുമില്ലാതിരുന്നിട്ടും മറുനാട്ടിൽ തന്നെ സഹായിച്ച ഡോ. ജയകുമാറിനോടും സഹപ്രവർത്തകരോടും നിറകണ്ണുകളോടെ നന്ദി പറഞ്ഞാണ് മനോജ് ഷാ ആശുപത്രി വിട്ടത്. ഇനി സ്വദേശത്തേയ്ക്ക് മടങ്ങണം. ഭാര്യയേയും മൂന്ന് കുഞ്ഞുമക്കളെയും എത്രയും വേഗം കാണാനുള്ള ശ്രമത്തിലാണ് മനോജ് ഷാ.

Story Highlights: Kerala cares for Bihar natives; Free surgery costing Rs 25 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here