”പ്രയാർ ഗോപാലകൃഷ്ണൻ – ജഡായുപ്പാറയുടെ പിതാവ് ”

കേരളത്തിന്റെ അഭിമാനമായ ജഡായുപ്പാറ ടൂറിസത്തെ ഇന്നു കാണുന്ന രീതിയിലാക്കി മാറ്റുന്നതിൽ അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ വഹിച്ച പങ്ക് വളരെ വലുതാണ്. ജഡായുപ്പാറയുടെ പിതാവ് എന്ന് ആരെയെങ്കിലും താൻ വിളിക്കുന്നുണ്ടെങ്കിൽ അത് പ്രയാർ ഗോപാലകൃഷ്ണനെയാണെന്നാണ് ജഡായുപ്പാറയുടെ ശിൽപ്പിയായ രാജീവ് അഞ്ചൽ തന്നെ ഒരിക്കൽ പറഞ്ഞത്. ചടയമംഗലം മണ്ഡലത്തിന്റെ എം.എൽ.എ ആയിരിക്കേ ജഡായുപ്പാറ ടൂറിസത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി പ്രയാർ നടത്തിയ പരിശ്രമങ്ങൾ ഒരിക്കലും നമുക്ക് മറക്കാനാവില്ല. കൊല്ലം ജില്ലയുടെ വികസനത്തിന് പ്രയാർ നൽകിയിട്ടുള്ള സംഭാവനകളും വിലമതിക്കാനാവാത്തതാണ്.
കൊല്ലം ജില്ലയിലെ ജഡായുപ്പാറയിലാണ് ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന വിധത്തിൽ ഉയർന്നു വരുന്ന പക്ഷി ശ്രേഷ്ഠനെ അനുസ്മരിപ്പിക്കുന്ന ജഡായു ശില്പമുള്ളത്. തേത്രാ യുഗത്തിൽ നിന്നും 21-ാം നൂറ്റാണ്ടിലേക്കുള്ള ഒരു സഞ്ചാരമാണ് ജഡായു ശില്പത്തിന്റെ അണിയറ പ്രവർത്തകർ ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചലചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ഇന്ന് ഇവിടെ തലയുയർത്തി നിൽക്കുന്നത്. ജഡായുപ്പാറ ടൂറിസത്തെ ഇത്രയധികം ജനകീയമാക്കുന്നതിൽ പ്രയാർ ഗോപാലകൃഷ്ണൻ വഹിച്ച പങ്ക് പറഞ്ഞറിയിക്കാനാവാത്തതാണെന്നാണ് രാജീവ് അഞ്ചൽ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചത്. 73 വയസായിരുന്നു. കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചടയമംഗലത്തെ ഏക കോണ്‍ഗ്രസ് എംഎല്‍എ കൂടിയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here