എലിസബത്ത് രാജ്ഞി ഒരിക്കലും മറക്കാത്ത കേരള സന്ദർശനം; താജ് മലബാർ ഹോട്ടലിലെ ഇഷ്ട ഭക്ഷണം ഇതാണ്

കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്പെഷ്യൽ കേരള വിഭവങ്ങളും 96 വയസ്സുള്ള എലിസബത്ത് രാജ്ഞിക്ക് ഇന്നും മറക്കാനാവില്ല. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവർണർ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു.
96 വയസ്സുള്ള എലിസബത്ത് രാജ്ഞി ബ്രിട്ടണിൽ അധികാരത്തിലെത്തിയതിന്റെ 70 വർഷം പൂർത്തിയാക്കുകയാണ് ഇന്ന്. 1997 ഒക്ടോബറിൽ എലിസബത്ത് രാജ്ഞി രണ്ടാമൻ ഇന്ത്യയിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് മാറ്റിവച്ചത്. കേരള സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്.
ഏറ്റവും പഴയതും മനോഹരമായതുമായ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ യഹൂദ വാസസ്ഥലത്തെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതിനാലാണ് ഇന്ത്യാ സന്ദർശനത്തിനിടെ അവർ കൊച്ചിയിലെത്തിയതെന്ന് അന്നത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്ഞിയുടെ സന്ദർശനം പ്രമാണിച്ച് 1997 ഒക്‌ടോബർ 17ന് കൊച്ചിയിൽ അതീവ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. രാജ്ഞി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ആളുകൾ കൂട്ടംകൂടുന്നതിന് വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും കേരള ആംഡ് പൊലീസും ചേർന്നാണ് അന്ന് റോഡുകൾ തടഞ്ഞ് അവർക്ക് സുരക്ഷയൊരുക്കിയത്.
സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു. കർശന സുരക്ഷയുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.
Story Highlights: Queen Elizabeth’s unforgettable visit to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here